2018 എവരിവണ്‍ ഹീറോയുടെ വിജയശേഷം വീണ്ടും യഥാര്‍ഥ സംഭവം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. 1979 -ല്‍ 49 ജീവനക്കാരും 20,000 ടണ്‍ ഇരുമ്പയിരുമായി ഗോവയിലെ മഡ്ഗാവില്‍നിന്ന് ജിബൂട്ടി വഴി ജര്‍മനിയിലെ റോസ്റ്റോക്കിലേക്ക് യാത്രതിരിച്ച കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ ചരക്ക് കപ്പലായിരുന്നു എംവി കൈരളി യാത്രക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതെയാവുകയായിരുന്നു. ഈ കഥയാണ് ജൂഡ് ആന്തണി ജോസഫ് ഇനി സിനിമയാക്കുക.
നിവിന്‍പോളി ആണ് നായകന്‍. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ജോസി ജോസഫ് ആണ് രചന നിര്‍വഹിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.അഡ്വഞ്ചര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പ്പെടുന്നതാണ് ചിത്രം.തമിഴിലെ പ്രശസ്തമായ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ സിനിമയായാണ് ഒരുങ്ങുന്നത്.
വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വന്‍ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. ചരിത്ര വിജയം നേടിയ 2018നുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് . 2018 ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി കൂടിയാണ്.1979 ജൂണ്‍ 30ന് എംവി . കൈരളി ഇന്ത്യയിലെ മര്‍മ്മഗോവ തുറമുഖത്തു നിന്ന് ജര്‍മ്മനിയിലെ റോസ്റ്റോക്കിലേക്ക് യാത്ര തിരിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.
23 മലയാളികള്‍ ഉള്‍പ്പെടെ 51 പേരുണ്ടായിരുന്ന കപ്പല്‍ മുങ്ങി എന്നാണ് കരുതപ്പെടുന്നത്. എം.വി. കൈരളി അറബിക്കടലില്‍ അപ്രത്യക്ഷമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അതേസമയം ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ സംവിധാന അരങ്ങേറ്റത്തില്‍ എം വി കൈരളി ചലച്ചിത്രമാക്കാന്‍ മുന്‍പ് ആലോചന ഉണ്ടായിരുന്നു. നിവിന്‍ പോളി ആയിരുന്നു നായകന്‍. സിദ്ധാര്‍ത്ഥ ശിവയുടെ രചനയിലാണ് പ്ലാന്‍ ചെയ്തിരുന്നത്.