രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ജെയ്ലറും, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാള ചിത്രം ഒരേ ദിവസമാണ് റിലീസിനൊരുങ്ങുന്നത്. ഓഗസ്റ്റ് 10 ആണ് രണ്ട് ചിത്രങ്ങളുടെയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി.
അതേസമയം ജെയ്ലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. എന്നാലിപ്പോള്‍ രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നതിനാല്‍ ധ്യാന് ശ്രീനിവാസന്‍ ചിത്രത്തിന് തിയേറ്ററുകള്‍ നിഷേധിച്ചിരിക്കുകയാണ്.
ജയിലറിന് തിയറ്റര്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയിരിക്കുകയാണ് സംവിധായകന്‍ സക്കീര്‍ മഠത്തില്‍.തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് ആരോപിച്ചാണ് സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ഒറ്റയാള്‍ സമരം നടത്തിയത്. 2021 ല്‍ കേരള ഫിലിം ചേമ്പറില്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് സക്കീര്‍ മഠത്തില്‍ പറയുന്നത്.
മലയാള സിനിമയെ സംരക്ഷിക്കുക, ജയിലര്‍ സിനിമയ്ക്ക് തിയേറ്റര്‍ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡും പിടിച്ചായിരുന്നു സംവിധായകന്റെ പ്രതിഷേധം. രജനികാന്ത് ചിത്രം 'ജയിലറി'ന്റെ ടീസറും ഗാനവും എത്തിയതിന് പിന്നാലെയാണ് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത പേരായിരുന്നു ജയിലര്‍ എന്ന് പറഞ്ഞു കൊണ്ട് സക്കീര്‍ മഠത്തില്‍ രംഗത്തെത്തിയത്.
സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സണ്‍ പിക്ചേഴ്സിന് കത്ത് അയച്ചിരുന്നു. എന്നാല്‍ ജയിലറിന്റെ നിര്‍മ്മാതാക്കള്‍ അത് സമ്മതിച്ചില്ല. തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ പേര് മാറ്റാന്‍ പറ്റില്ല എന്നാണ് സണ്‍ പിക്ചേഴ്സ് പ്രതികരിച്ചത് എന്നാണ് സംവിധായകന്‍ പ്രസ് മീറ്റില്‍ പറഞ്ഞത്.
ഓഗസ്റ്റ് 10ന് ആണ് രണ്ട് ജയിലറും റിലീസിനൊരുങ്ങന്നത്. രജനികാന്ത്, മോഹന്‍ലാല്‍ എന്നിലര്‍ അഭിനയിക്കുന്ന ജയിലര്‍ ഇവിടെ റിലീസായി കഴിഞ്ഞാല്‍ മറ്റൊരു ജയിലറിന് പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല എന്നാണ് സക്കീര്‍ മഠത്തില്‍ പറയുന്നത്.