ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് രജനികാന്ത് ചിത്രം ജയിലര്‍. 2021ലെ 'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയ്ക്ക് കോളിവുഡ് കാത്തിരുന്ന റിലീസായിരുന്നു 'ജയിലറി'ന്റേത്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു എന്ന് സൂചിപ്പിക്കുന്നതാണ് ആദ്യ ദിവസത്തെ കളക്ഷന്‍ കണക്കുകള്‍.
ആദ്യദിനം ലോകമൊട്ടാകെ വാരിക്കൂട്ടിയത് 95 കോടി. ഇന്ത്യയില്‍ നിന്ന് 65 കോടിയും, കേരളത്തിലെ 309 കേന്ദ്രങ്ങളില്‍ നിന്നായി ആദ്യദിന കളക്ഷന്‍ 6 കോടി കടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. തമിഴില്‍ നിന്ന് 29 കോടിയാണ് നേടിയത്. കര്‍ണ്ണാടകയില്‍ 11.95 കോടിയും നേടി. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജനി നിറഞ്ഞാടുന്ന ചിത്രം സംവിധായകന്‍ നെല്‍സന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുന്നു.
മാത്യൂസ് എന്ന അധോലോക നായകനായി മോഹന്‍ലാല്‍ അതിഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്നു. കന്നട സൂപ്പര്‍ സ്റ്രാര്‍ ശിവരാജ്കുമാറാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മറ്റൊരു താരം. വിനായകന്‍ പ്രതിനായക വേഷത്തില്‍ തിളങ്ങുന്നു. തമന്ന ആണ് നായിക. രമ്യകൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, യോഗി ബാബു, സുനില്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നു. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണം.