മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവിനൊരുങ്ങുന്നത്.
മലയാളികളുടെ ഏറെ കാലത്തെ പ്രാര്‍ത്ഥനയ്ക്കും ആഗ്രഹത്തിനും ഒടുവിലാണ് പ്രിയ താരം ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് വീണ്ടും കടന്നുവരുന്നത്. തൃശ്ശൂരിലെ ഒരുവാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് അദ്ദേഹം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നതെന്ന പ്രാഥമിക വിവരം.
അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തോടെയാണ് മലയാളികളുടെ ഹാസ്യ സാമ്പ്രാട്ട് അരങ്ങൊഴിഞ്ഞ് കിടപ്പിലായത്. തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍ ് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്.
അടിവയറ്റില്‍ രക്തസ്രാവത്തേത്തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും ചെയ്തിരുന്നെങ്കിലും ആദ്യഘട്ടത്തില് ഇത് ഫലപ്രാബല്യത്തിലെത്തിയിരുന്നില്ല. ജഗതി അപകടത്തില്‍പെട്ടതിനു പിന്നാലെ മരണപ്പെട്ടു എന്ന തരത്തിലുള്ള വ്യാജ സന്ദേശവും എത്തിയിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചാണ് മകള്‍ പാര്‍വതിയും അന്ന് രംഗത്തെത്തിയത്. അപകടത്തിന് ശേഷം വെല്ലൂര്‍ ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു.
സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയിലെന്ന് പലവാര്‍ത്തകള്‍ വന്നപ്പോഴും ആരോഗ്യവാനായി അദ്ദേഹം പലപ്പോഴും ക്യാമറയ്ക്ക മുന്നില്‍ പ്രത്യക്ഷപ്പെട്ടു., വീല്‍ചെയറിലാണ് ഇപ്പോഴും ജഗതി ശ്രീകുമാര്‍ തുടരുന്നതെങ്കിലും പരസഹായം ഇല്ലാതെ നടക്കാന്‍ സാധിക്കണമെങ്കില്‍ ഇനിയും സമയമെടുക്കും. പറയുന്ന കാര്യങ്ങളോട് ചിരിച്ചും കണ്ണീരൊപ്പിയും പ്രതികരിക്കുന്നുണ്ട് അദ്ദേഹം. അടുത്ത കാലത്ത് കോമഡി സ്റ്റാര്‍ അംഗങ്ങള്‍ ജഗതിയുടെ വീട്ടിലെത്തിയതും നടി നവ്യാ നായര്‍ ജഗതിയുടെ വീട്ടിലെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.