എം.ജി. റോഡില്‍ അര്‍ധരാത്രി അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാര്‍ മറ്റൊരു കാറിലിടിച്ച് മറിഞ്ഞ സംഭവത്തില്‍ പോലീസിന് പിന്നാലെ എംവിഡിയും കേസെടുത്തു. നടന്‍ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയത്. എംവിഡി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ടീം പരിശോധനയ്ക്ക് എത്തുന്നതാണെന്ന് ആര്‍ടിഒ അറിയിച്ചു.
അമിതവേഗം, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.അനുമതിയില്ലാതെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അനുമതിതേടി സിനിമാ പ്രവര്‍ത്തകര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും കമ്മിഷണര്‍ക്കും അപേക്ഷ നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭിക്കും മുന്‍പ് പൊതുനിരത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ അപകടകരമായരീതിയില്‍ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതിനാണ് കേസെടത്തത്.
വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമാണെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയില്‍ തെളിഞ്ഞതായും പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു.
അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോമാന്‍സിന്റെ ചിത്രീകരണത്തിനിടെ കൊച്ചി എംജി റോഡില്‍ വെച്ച് പുലര്‍ച്ചെ 1.45നാണ് അപകടമുണ്ടായത്.അപകടത്തില്‍ നടന്‍മാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ നടന്‍ സംഗീത് പ്രതാപ്, അര്‍ജുന്‍ അശോകന്‍, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകന്റെ മൊഴിയും രേഖപ്പെടുത്തി.
ഇതിനിടെ പ്രതികരണവുമായി യുവ നടന്‍ സംഗീത് രംഗത്തെത്തി. പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങള്‍ക്ക് ഒരു അപകടമുണ്ടായി. ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. അതില്‍ ദൈവത്തോട് നന്ദി പറയുന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് മടങ്ങും. എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോള്‍ ഭേദമായി വരികയാണ്. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും കരുതലിനും നന്ദി.
നിങ്ങളുടെ കോളുകള്‍ക്കും മെസേജുകള്‍ക്കും റീപ്ലേ ചെയ്യാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. ഞാന്‍ ഇപ്പോള്‍ സുരക്ഷിതനാണ്. പൂര്‍ണ്ണമായും സുഖപ്പെട്ടു വരാന്‍ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്', എന്നാണ് സംഗീത് പ്രതാപ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ച് പറഞ്ഞത്.
ശനിയാഴ്ച്ച രാത്രി 1:45ന് ആയിരുന്നു സംഭവം. അര്‍ജ്ജുന്‍ അശോകനും മാത്യു തോമസും സംഗീത് പ്രതാപും കാറിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. കാര്‍ കീഴ്‌മേല്‍ മറിയുന്നതിനിടെ വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളിലും കാര്‍ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് എല്ലാവരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു വെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബ്രോമന്‍സ് സിനിമിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം മഹിമ നമ്പ്യാരെ വെച്ച് ഈ സീന്‍ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗത്തിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അര്‍ജുനും സംഗീതും പുറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്നു. നടന്‍ മാത്യു തോമസ് വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന പ്രചരണവും തെറ്റാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അര്‍ജുന് അപകടത്തില്‍ നിസാര പരിക്ക് മാത്രമേ ഉള്ളൂ. അതേസമയം സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ടായിട്ടുണ്ട്.
18 പ്ലസ്' എന്ന ചിത്രത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോമന്‍സ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ജോ ആന്‍ ജോ, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാന്‍സ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.