ചെറുപ്പകാലം തൊട്ടേ മണിരത്നം ചിത്രങ്ങളുടെ സെറ്റുകളില്‍ ഓടിക്കളിച്ചു വളര്‍ന്ന ആളാണ് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ 'ദളപതി' എന്ന ചിത്രത്തിന്റെ സെറ്റില്‍ പോകാതിരിക്കുന്നതെങ്ങനെ.
അത് അത്ഭുതകരമായിരുന്നു. ദളപതിക്കു ശേഷവും എന്റെ വാപ്പിച്ചിയും മണിരത്നം സാറും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും പല സിനിമകളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുമുണ്ടായി. 'ഇരുവര്‍' എന്ന ചിത്രം ചെയ്യുന്ന സമയത്ത് അവര്‍ രണ്ടുപേരും വളരെ അടുത്തു. മണിസാറിനെ എന്റെ വീടിന്റെ പരിസരത്ത് എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് എന്റെ വീടിന്റെ തൊട്ടടുത്താണ്, ദുല്‍ഖര്‍ പറയുന്നു.
1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്. ആദ്യമായി സന്തോഷ് ശിവന്‍ മണിരത്നം ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ദളപതിക്കു വേണ്ടിയായിരുന്നു. ഇളയരാജയും മണിരത്നവും അവസാനം ഒന്നിച്ച ചിത്രം എന്നതും ദളപതിയുടെ പ്രത്യേകതയാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്നത്തിന്റെ സിനിമയില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ വല്ലാത്ത ഭയമായിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. 'മണിസാറിനൊപ്പം ഇരിക്കുമ്പോള്‍ ഒന്നുമല്ലെങ്കില്‍ നിങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ ഉണ്ടാകണം. അദ്ദേഹം പൊതുവെ വളരെയധികം നിശബ്ദനായ ആളാണ്. സംസാരിക്കുകയേ ഇല്ല. ഷോട്ടുകള്‍ക്കിടയിലുള്ള സമയത്ത് ഞാനദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ സ്വയം പറയാറുണ്ട് എന്തെങ്കിലും പറയൂ, ബുദ്ധിപരമായി എന്തെങ്കിലും പറയൂ എന്ന്. പക്ഷെ അവിടെ അത്രമേല്‍ നിശബ്ദമായിരിക്കും,' ദുല്‍ഖര്‍ ഓര്‍ത്തെടുക്കുന്നു.
'എനിക്കുറപ്പാണ് ആ സമയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ തലയിലൂടെ സിനിമയിലെ ഓരോ രംഗങ്ങളും പാഞ്ഞുപോകുകയായിരിക്കും. ഒരു നടന്‍ എന്ന നിലയില്‍, മണി സാറിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുക എന്നുവച്ചാല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹം വിളിക്കുന്നതു പോലും ഒരു അംഗീകാരമാണ്. എവിടെയോ നിങ്ങളുടെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്, അല്ലെങ്കില്‍ നിങ്ങള്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് തോന്നും,' ദുല്‍ഖര്‍ പറയുന്നു.