ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ എം. പദ്മകുമാര്‍.
ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ പൊലീസിനെ പിന്തുണച്ച് സംസാരിച്ചത്. മാപ്പ് മകളേ... നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പാഴായി പോയല്ലോ എന്നെഴുതാന്‍ ഏറ്റവും യോഗ്യരായ മനുഷ്യര്‍ പൊലീസുകാര്‍ മാത്രമാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്നും പദ്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എം. പദ്മകുമാര്‍ എഴുതിയ കുറിപ്പ് -
മൂന്നു മണിക്ക് കാണാതായ കുട്ടി നാലരക്ക് മുമ്പേ കൊല്ലപ്പെടുന്നു... രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിംഗ് കേസില്‍ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു.
മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് പാടുപെടുന്നു. നമ്മള്‍ മൂടി പുതച്ച് കൂര്‍ക്കം വലിചുറങ്ങിയ ആ രാത്രി മുഴുവന്‍ അവളെ കണ്ടെത്താന്‍ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാര്‍: നിരന്തരമായ ചോദ്യം ചെയ്യലില്‍ നിന്നും കുട്ടിയെ ഉപേക്ഷിച്ച ലൊക്കേഷന്‍ പുലര്‍ച്ചയോടെ പൊലീസ് ഐഡന്റിഫൈ ചെയ്യുന്നു.. അടുത്ത പ്രഭാതത്തില്‍ തന്നെ കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ അവിടത്തെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇത്രയും പണി പോലീസ് എടുത്തതാണ്.
വീട്ടിലും ഓഫീസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലില്‍ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും കേരള പൊലീസ് വിരോധികള്‍ക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ആലുവ മാര്‍ക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ..? അവിടെ ഇരുന്നാലും വ്യാജ വാര്‍ത്തകള്‍ അടിച്ച് വിടുന്നതിനോ സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കില്‍ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്പോള്‍ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ നിങ്ങള്‍ക്കെല്ലാം കൂടി?
പൊലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടില്‍ നിന്ന് ആ യൂനിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യര്‍ തന്നെയാണ്. അവരും അച്ചനും അമ്മയും മക്കളും പേരകുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വെത്യസ്ഥ സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്‌കില്‍ അറിഞ്ഞും അറിയാതെയും വീഴ്ചകള്‍ സംഭവിക്കാം.. അതിനെ വിമര്‍ശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവര്‍ക്ക് ചാര്‍ത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്.
ഇന്നലെ മാപ്പ് മകളേ... നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പാഴായി പോയല്ലോ എന്നെഴുതാന്‍ ഏറ്റവും യോഗ്യരായ മനുഷ്യര്‍ പൊലീസുകാര്‍ മാത്രമാണ്. അല്ലാതെ നമ്മളല്ല...