Latest News

ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയേക്കും; തിരിച്ച് വരവിനൊരുങ്ങുന്ന ജനപ്രിയ നായകന്റെ  ചിത്രം 'ഭ ഭ ബ' അണിയറയില്‍

Malayalilife
ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയേക്കും; തിരിച്ച് വരവിനൊരുങ്ങുന്ന ജനപ്രിയ നായകന്റെ  ചിത്രം 'ഭ ഭ ബ' അണിയറയില്‍

തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം വലിയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ്. വലിയ പ്രതീക്ഷയോടെ ഒരുങ്ങുന്ന താരത്തിന്റെ അടുത്ത ചിത്രമാണ് 'ഭ ഭ ബ'. ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയത് മുതല്‍ ആകാംഷയിലാണ് ആരാധകര്‍. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഫാഹിം സഫര്‍ നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത് വരികയാണ്. 'ഭ ഭ ബ' യില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിനീത് ശ്രീനിവാസന്‍, വൈശാഖ് തുടങ്ങിയ ഹിറ്റ് സംവിധായകരുടെ അസ്സോസിയേറ്റ് കൂടിയായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ധനഞ്ജയ് ശങ്കര്‍. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ബാലു വര്‍ഗീസ്, ശരണ്യ പൊന്‍വണ്ണന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ്, അശോകന്‍, മണിയന്‍പിള്ള രാജു, തമിഴ് നടന്മാരായ റെഡിന്‍ കിംഗ്സ്ലി, സാന്‍ഡി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അര്‍മോ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാനാണ്. 

അതേസമയം, വലിയ ഹൈപ്പോടെ തീയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ 'മലൈകോട്ടൈ വാലിബന്‍' വന്‍ പരാജയമായിരുന്നു. എന്നാല്‍ മലൈകോട്ടൈ വാലിബന് ശേഷം മോഹന്‍ലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രം. വലിയൊരിടവേളക്ക് ശേഷം മോഹന്‍ലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. രജപുത്ര ഫിലിംസാണ് മോഹന്‍ലാല്‍ ചിത്രമായ 'തുടരും' നിര്‍മിക്കുന്നത്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

ഷണ്‍മുഖത്തിന്റെ ജീവിതം നര്‍മ്മത്തിലൂടെയും ഹൃദയസ്പര്‍ശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്.

dileep movie mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES