സിപിസി അവാര്‍ഡ് വിതരണത്തിനിടയില്‍ വികാരാധീനനായി ജോജു ജോര്‍ജ്ജ്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച മികച്ച നടനുള്ള സിപിസി പുരസ്‌കാരം നടനും നിര്‍മ്മാതാവും സിനിമാ പാരഡീസോ ക്ലബ്ബിന്റെ സജീവ അംഗവുമായ വിജയ് ബാബുവാണ് ജോജു ജോര്‍ജ്ജിന് നല്‍കിയത്.
25 വര്‍ഷമായി സിനിമയ്ക്ക് പിന്നാലെ നടക്കുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നു പലരും പറഞ്ഞു. തനിക്ക് ഈ പുരസ്‌കാരം വാങ്ങാന്‍ കഴിയുമെങ്കില്‍ എന്റെ മുന്നിലിരിക്കുന്ന എല്ലാവര്‍ക്കും കഴിയുമെന്നും ജോജു പറയുന്നു. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് പ്രയാസമാണ്. കൂട്ടുകാരോടൊക്കെ സംസാരിക്കുമ്പോള്‍ എന്തെടാ ഏതെടാ എന്നൊക്കെ പറയുമെങ്കിലും എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു,' അവാര്‍ഡ് കൈപറ്റുന്നതിനിടയില്‍ ജോജു പറഞ്ഞു.
'വളരെ നല്ലൊരു സംസ്‌കാരമാണ് സിപിസി സിനിമയ്ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്.തനിക്കീ പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ മുന്നിലിരിക്കുന്ന എല്ലാ സിനിമാ മോഹികള്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്ന് ജോജു കൂട്ടിച്ചേര്‍ത്തു.
മികച്ച നടിക്കുള്ള പുരസ്‌കാരം വരത്തനിലെ പ്രകടനത്തിലൂടെ ഐശ്വര്യ ലക്ഷ്മി കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഈ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി നേടി. ലിജോയ്ക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് ആയിരുന്നു.
ഈ മ യൗവിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം വിനായകനും സഹനടിക്കുള്ള പുരസ്‌കാരം പൗളി വത്സനും നേടി. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മയെ തനതായ അഭിനയ ശൈലിയിലൂടെ മികവുറ്റതാക്കിയ സാവിത്രി ശ്രീധരനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.
മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം സുഡാനി ഫ്രെം നൈജീരിയയുടെ തിരക്കഥാകൃത്തുക്കളായ സക്കറിയയ്ക്കും മുഹസിന്‍ പെരാരിക്കുമാണ്. സുഡാനി ഫ്രെം നൈജീരിയ, ഈ മ യൗ എന്നീ സിനിമകളിലൂടെ ഷൈജു ഖാലിദ് മികച്ച ഛായാഗ്രഹകനുളള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍-നൗഫല്‍ അബ്ദുളള, മികച്ച പശ്ചാത്തല സംഗീതം- പ്രശാന്ത് പിളള, മികച്ച ഒര്‍ജിനല്‍ സോങ്- രണം ടൈറ്റില്‍ ട്രാക്ക്, മികച്ച സൗണ്ട് ഡിസൈനിങ്- രംഗനാഥ് രവി.വിനായകന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സാവിത്രി ശ്രീധരന്‍, സക്കരിയ എന്നിവര്‍ക്ക് അവാര്‍ഡ് ഏറ്റുവാങ്ങാനായി എത്താന്‍ സാധിച്ചില്ല.