സംവിധായകനും ഛായാഗ്രഹകനുമായ വേണുവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധവുമായ മലയാള ചലച്ചിത്ര രംഗത്തെ ഛായാഗ്രഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയന്‍ ഓഫ് മലയാള സിനിമ (കുമാക്) രംഗത്ത്.
ചലച്ചിത്ര മേഖലയിലെ തൊഴില്‍പരവും കലാപരവുമായ എതിരഭിപ്രായങ്ങളും തര്‍ക്കങ്ങളും തീര്‍പ്പാക്കാന്‍ ഭീഷണിയും ഗുണ്ടായിസവുമൊന്നും നല്ല രീതിയല്ല. ഇത്തരം പ്രവണതകള്‍ ചലച്ചിത്ര വ്യവസായത്തിന്റെ പൊതുനന്മയ്ക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യണമെന്ന് കുമാക് പ്രസിഡന്റ് സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി സുജിത് വാസുദേവും ആവശ്യപ്പെട്ടു.
സര്‍ക്കാരും പൊലീസും ഫെഫ്ക നേതൃത്വവും കേരള ഫിലിം പ്രൊഡ്യൂേസഴ്‌സ് അസോസിയേഷനും നടപടി സ്വീകരിക്കണം. വേണു സ്വീകരിച്ച നിയമനടപടികള്‍ക്ക് പിന്തുണയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'പണി' യില്‍ നിന്ന് വേണുവിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വേണുവിനെ ഗുണ്ടകള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉടന്‍ നഗരം വിട്ട് പോയില്ലെങ്കില്‍ വിവരമറിയും എന്നായിരുന്നു ഭീഷണി. സംഭവത്തില്‍ വേണു പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഒരു മാസമായി തൃശൂരില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതല്‍ ജോജുവും വേണുവും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവന്‍ വേണു അപമര്യാദമായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ ഉയര്‍ന്നിരുന്നു.