സഹസംവിധായനായെത്തി സി.ഐ.ഡി മൂസ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സംവിധായകന്റെ റോളില്‍ തിളങ്ങിയ ആളാണ് ജോണി ആന്റണി. ദിലീപിനെ നായകനാക്കി എടുത്ത തന്റെ ആദ്യചിത്രമായ സിഐഡി മൂസയുടെ വന്‍ വിജയം ജോണി ആന്റണിയ്ക്ക് നല്കിയ ആത്മവിശ്വാസം ചെറുതല്ല. ശേഷം ദിലീപിനെ തന്നെ നായകനാക്കി എടുത്ത കൊച്ചിരാജാവും മികച്ച വിജയമാണ് നേടിയത്. ഇപ്പോള്‍ സിഐഡി മൂസയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജോണി ആന്റണി.
'ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തൊന്നും സാധ്യമല്ലെന്നാണ് ജോണി ആന്റണി പറയുന്നത്. 'ഇപ്പോള്‍ ആലോചിച്ചാല്‍ 2 വര്‍ഷം കഴിഞ്ഞേ അത് നടക്കൂ. അത്രയും സ്റ്റഡി ചെയ്തേ അത് നടത്താനാവൂ. ഒരുപാട് ആര്‍ട്ടിസ്റ്റുകളെ നഷ്ടമായിട്ടുണ്ട്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്, കൊച്ചിന് ഹനീഫ തുടങ്ങിയവര്‍ ഇപ്പോഴില്ല. അമ്പിളിച്ചേട്ടനും വയ്യാതായി. പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനെ നേരത്തെ കൊണ്ടുവന്ന് സ്റ്റോറി ബോര്‍ഡൊക്കെ സെറ്റ് ചെയ്യണം. അതിനൊക്കെ ഒരുപാട് സമയമെടുക്കും' അദ്ദേഹം പറഞ്ഞു.
ദിലീപിന് ഇപ്പോള്‍ സൂപ്പര്‍ഹിറ്റ് അത്യാവശ്യമായി വന്നതിനാലാണോ മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചതെന്ന് ചോദിച്ചപ്പോള്‍ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ആ ആലോചന മനസിലുണ്ടായിരുന്നെന്നാണ് ജോണി പറഞ്ഞത്. രണ്ടാം ഭാഗം ഇറക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഇമേജിനെ കുറിച്ചൊന്നും ഭയമില്ല. ഇന്നും ഈ സിനിമ കാണുന്നവരുണ്ട്. താരത്തിന്റെ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. താരപദവിക്കും അല്ലാതെ വ്യക്തിജീവിതത്തിലെ കാര്യത്തിനല്ല. ദിലീപിനെ വെച്ച് പടം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പറ്റിയ വിഷയം ലഭിച്ചാല്‍ ഏത് നിമിഷവും അത് സംഭവിക്കുമെന്നും ജോണി പറയുന്നു.