ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയില്‍ അജിത് കുമാര്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സിനിമ സെറ്റില്‍ സന്ദര്‍ശനം നടത്തി. വിശ്വംഭര എന്ന ചിരഞ്ജീവി ചിത്രത്തിന്റെയും ഗുഡ് ബാഡ് അഗ്ലിയുടെയും ഷൂട്ടിംഗ് അടുത്തടുത്ത സ്ഥലങ്ങളിലാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വിശ്വംഭരയുടെ സെറ്റില്‍ നിന്നും അജിത് കുമാറിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവച്ച് ചിരഞ്ജീവി തന്നെയാണ് സന്ദര്‍ശന വിവരം പുറത്ത് അറിയിച്ചത്. ആദ്യത്തെ ഫോട്ടോയില്‍ രണ്ട് താരങ്ങളും ഒന്നിച്ചു. രണ്ടാമത്തെ ചിത്രത്തില്‍ താരങ്ങള്‍ വിശ്വംഭര ക്രൂവിനൊപ്പം പോസ് ചെയ്യുന്ന ചിത്രവുമാണ് ചിരഞ്ജീവി പങ്കുവച്ചത്.
സൗത്ത് ഇന്ത്യന്‍ സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങളാണ് ചിരഞ്ജീവിയും അജിത്ത് കുമാറും. തമിഴ്- തെലുങ്ക് സിനിമകളിലെ അധികായന്മാരായ ഈ രണ്ട് താരങ്ങളുടെയും കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് താരങ്ങള്‍ കണ്ടുമുട്ടിയത്.
'ഇന്നലെ വൈകുന്നേരം വിശ്വംഭരയുടെ സെറ്റില്‍ ഒരു സര്‍പ്രൈസ് അതിഥി ഉണ്ടായിരുന്നു,' എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചിരഞ്ജീവി ചിത്രം പങ്കുവച്ചത്.രണ്ടു താരങ്ങളുടെയും ഫാന്‍ പേജുകളിലടക്കം ചിത്രം വൈറലായി. നിരവധി ആരാധകരാണ് വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏതിലെങ്കിലും താരങ്ങള്‍ ഒന്നിക്കുമോ എന്ന് ആകാഷം പ്രകടിപ്പിക്കുന്നത്. 1993ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ ആദ്യ തെലുങ്ക് ചിത്രമായ 'പ്രേമ പുസ്തക'ത്തിന്റെ ഗാനങ്ങള്‍ ലോഞ്ചു ചെയ്തത് ചിരഞ്ജീവിയായിരുന്നു.
കഴിഞ്ഞ വര്‍ഷം പൊങ്കലിന് ശേഷം അജിത്ത് നായകനായ സിനിമകള്‍ പുറത്തു വന്നിട്ടില്ല. നിലവില്‍ വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് താരം. ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം അധിവേഗം പൂര്‍ത്തിയാകുന്നതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ രണ്ടു സിനിമകളും പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് അജിത്ത് ആരാധകര്‍.
ഗുഡ് ബാഡ് അഗ്ലിയുടെ വിശദാംശങ്ങള്‍ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. മാര്‍ക്ക് ആന്റണിക്ക് ശേഷം സംവിധായകന് ആദിക് രവിചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരത്തില്‍ അജിത്തിനൊപ്പം പ്രവര്‍ത്തിച്ച സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദാണ് ഈ ചിത്രത്തിലും ഗാനങ്ങള്‍ ഒരുക്കുന്നത്. 2024 പൊങ്കലിന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന.