യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. എറണാകുളം ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. 2017ല്‍ ബെംഗളൂരുവില്‍ വച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കില്‍ കോടതി വിധിക്കട്ടെയെന്നായിരുന്നു അലന്‍സിയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സിനിമാ സെറ്റില്‍വെച്ചാണ് സംഭവം. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. മോശമായി പെരുമാറിയെന്ന് കണിച്ചുകൊണ്ട് യുവ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലും അലന്‍സിയറിനെതിരെ കേസെടുത്തിരുന്നു.
മീ ടു മുതല്‍ വാ വിട്ടു വാക്കുവരെയായി പലതവണയാണ് അലന്‍സിയര്‍ വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് സഹനടിയോട് മോശമായി പെരുമാറിയെന്ന മീ ടു ആരോപണമാണ് അലന്‍സിയറിനെ വിവാദത്തിലാക്കിയ ആദ്യ സംഭവം. വിഷയത്തില്‍ അലന്‍സിയര്‍ പിന്നാലെ മാപ്പ് പറഞ്ഞു
കഥ കേള്‍ക്കാന്‍ വിളിച്ച സംവിധായകന്‍ വേണുവിന്റെ വീട്ടില്‍ മദ്യപിച്ച് ചെന്ന് അപമര്യാദയായി പെരുമാറിയതും വിലയ വിവാദമായി. ചലച്ചിത്ര പുരസ്‌കാര വേദിയിലെ പ്രശ്നങ്ങളും പുതുമയുള്ളതല്ല.
2018 ല്‍ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങാനെത്തിയപ്പോഴും അലന്‍സിയറിന്റെ പ്രവര്‍ത്തിയും പ്രസംഗവും വിവാദമായിരുന്നു. പ്രസംഗിച്ച് കൊണ്ടിരുന്ന മോഹന്‍ലാലിന് നേരെ കൈവിരല്‍ തോക്ക് പോലെയാക്കി വെടിയുതിര്‍ക്കുന്നത് പോലെയുള്ള ആക്ഷന്‍ കാണിച്ച് പ്രതിഷേധിച്ചത് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലുണ്ടായിരുന്നപ്പോള്‍. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കുന്നതെന്നായിരുന്നു പ്രസംഗത്തിലെ ചോദ്യം. തനിക്ക് സ്വഭാവനടനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ നായകന്മാരൊക്കെ ചെയ്യുന്നത് എന്തുവേഷമാണെന്നും അലന്‍സിയര്‍ ചോദിച്ചു.
മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരം വാങ്ങാന്‍ വന്നപ്പോഴാകട്ടെ പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം നല്‍കണമെന്നുമുള്ള പരാമര്‍ശവും. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും നിലപാടില്‍ മാറ്റമില്ലെന്നും മാപ്പു പറയില്ലെന്നുമാണ് അലന്‍സിയര്‍ ഒടുവില്‍ പറഞ്ഞത്. തുടര്‍ന്നുള്ള മറുപടിയില്‍ സ്ത്രീകളാണ് പുരുഷന്‍മാരെ ഉപഭോഗവസ്തുവായി കാണുന്നതെന്നും പുരുഷന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്