മിടുക്കനായ ഒരു അഭിഭാഷകനെ മാത്രമല്ല, മലയാള സിനിമയ്ക്ക് ഓര്‍ക്കാന്‍ സാധിക്കുന്ന ഒരുപിടി വേഷങ്ങള്‍ സമ്മാനിച്ച നടനെ കൂടിയാണ് അഡ്വ. ദിനേശ് മേനോന്റെ വിയോഗത്താല്‍ കേരളത്തിന് നഷ്ടമായത്. മലയാള സിനിമയ്ക്ക് അനേകം നായികമാരെ സമ്മാനിച്ച ബാലചന്ദ്ര മേനോന്റെ കണ്ടെത്തലായ കുട്ടിത്താരമാണ് മുതിര്‍ന്ന ശേഷം വെള്ളിവെളിച്ചത്തില്‍ നിന്നും മാറി വക്കീല്‍ വേഷമണിഞ്ഞ ദിനേശ് മേനോന്‍.
ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന്‍ ഇന്നലെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. റോബിന്‍ ബസ് കേസിലെ ഹര്‍ജിക്കാരന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ദിനേശ് മേനോന്‍ ആണ്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. 'അത്യന്തം അവിശ്വസനീയവും വേദനാജനകവുമായ ഒരു വാര്‍ത്ത! താന്‍ രംഗബോധമില്ലാത്ത കോമാളി തന്നെയെന്ന് മരണം ഒരിക്കല്‍ കൂടി തെളിയിച്ചു എന്ന് മാത്രം...
അല്ലെങ്കില്‍... ഇപ്പോള്‍... ഈ പ്രായത്തില്‍?? ഞാനോര്‍ത്തു പോകുന്ന. 'കാര്യം നിസ്സാരത്തിന്റെ' അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷം നസീര്‍ സാറിനെ വെച്ച് ഒരു പടം ഉടനെ നിര്‍മ്മിക്കാന്‍ പലരും മുന്നോട്ടു വന്നു. എന്റെ തീരുമാനമായിരുന്നു ഒരു പുതുമുഖം ആവണം അടുത്ത നായകന്‍ എന്ന് . അങ്ങിനെയാണ് ഒരു വികൃതിയായ (കുസൃതിയായ?) ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഞാന്‍ അന്വേഷിച്ചു തുടങ്ങിയത്...
അപ്പോള്‍ എന്റെ മനസ്സിലേക്ക് എന്റെ സുഹൃത്തായ വി.കെ.വി. മേനോന്റെ മകനായ മാസ്റ്റര്‍ സുജിത്തിന്റെ മുഖം തെളിഞ്ഞു വന്നു. അങ്ങിനെ എന്റെ സിനിമകളിലെ 'ഏറ്റവും പ്രായം കുറഞ്ഞ നായകന്‍' പിറന്നു ! മമ്മൂട്ടി , മോഹന്‍ലാല്‍, കെ.പി ഉമ്മര്‍, മേനക, തിലകന്‍, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിരകള്‍ക്കിടയില്‍ മാസ്റ്റര്‍ സുജിത് കേന്ദ്ര കഥാപാത്രമായി.
'ശേഷം കാഴ്ചയില്‍' എന്ന ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തത് സുജിത്തിന്റെ നിര്‍മ്മലമായ മുഖത്തോടുള്ള ആഭിമുഖ്യം കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു. വളരെ കുറച്ചു റീടേക്കുകള്‍ കൊണ്ട് തന്നെ തന്റെ പ്രകടനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സുജിത്തിന് കഴിഞ്ഞു..
കരയിലും വെള്ളത്തിലും രാത്രിയിലും പകലും കഠിനമായി തന്നെ സുജിത്തിന് പാടുപെടേണ്ടി വന്നു. എപ്പോഴും ഒരു നറുപുഞ്ചിരി ഏവര്‍ക്കും സമ്മാനിച്ച് നടന്ന ആ ബാലന്‍ ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും ഏവരുടെയും കണ്ണിലുണ്ണിയായി മാറിയിരുന്നു. കുടുംബ സുഹൃത്തായ വി.കെ.വി. മേനോന്റെ പൊടുന്നനെയുള്ള മരണത്തോടെ ഞങ്ങളുടെ നിരന്തരമായ കൂടിച്ചേരലുകള്‍ കുറഞ്ഞു..
മാസ്റ്റര്‍ സുജിത് അഡ്വ: ദിനേശ് മേനോനായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി എന്നൊക്കെ അറിഞ്ഞു.. വല്ലപ്പോഴും ഫോണില്‍ വരുന്ന ഒരു സ്‌നേഹാന്വേഷണമായി ആ ബന്ധം പരിണമിച്ചു. എന്റെ എല്ലാ സംരംഭങ്ങളിലും ഞാന്‍ സുജിത്തിനെ അനുസ്മരിച്ചിരുന്നു.
ആല്‍ബത്തിന്റെ പ്രകാശനവേളയില്‍ ഹോട്ടല്‍ ടാജില്‍ വെച്ച് കണ്ടതാണ് ഏറ്റവും ഒടുവിലത്തെ ഓര്‍മ്മ! 'ശേഷം കാഴ്ചയില്‍' ഷൂട്ടിങ് വേളയിലെ ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടാണ് സുജിത് പോയത്... ആ നല്ല ഓര്‍മ്മകളിലൂടെ സുജിത് എന്നും എന്റെ മനസ്സിന്റെ മേച്ചില്‍പ്പുറത്തുണ്ടാവും... തീര്‍ച്ച...'