നടന് ബാലയും യൂട്യൂബര്‍ അജു അലക്സും തമ്മിലുള്ള പ്രശ്നം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അജു അലക്സിനെ ഫ്ളാറ്റില്‍ കയറി അക്രമിച്ചു എന്ന പരാതിയില്‍ പോലീസ് ബാലയുടെ വീട്ടില്‍ എത്തി മൊഴിയെടുത്തിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നും പരാതയില്‍ ആരോപിച്ചിരുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതി നല്‍കിയത്.
ഇപ്പോള്‍ യുട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസുമായി നടന് ബാല മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബര്‍ അജു അലക്സിനെതിരെയാണ് താരം വക്കീല്‍ നോട്ടീസ് അയച്ചത്. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണെന്ന് ബാല പറഞ്ഞു. തനിയ്ക്കെതിരെ അജു അലക്സ് ഗൂഢാലോചന നടത്തുന്നുവെന്നും താരം പരാതിയില്‍ ആരോപിക്കുന്നുണ്ട്.കൂടാതെ ചെകുത്താന്റെ വോയ്സ് ക്ലിപ്പും നടന് പുറത്ത് വിട്ടു. ചെകുത്താന്റെ ആവശ്യം പണം ആണെന്നാണ് വോയ്സില്‍ പറയുന്നത്.
കുറച്ച് ദിവസം മുന്‍പാണ് ബാല വീട്ടില്‍ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യൂട്യൂബര്‍ പരാതി നല്‍കിയത്. ബാലയെ വിമര്‍ശിച്ച് അജു അലക്സ് സ്വന്തം യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണം ഫ്ലാറ്റിലെത്തി വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും വീഡിയോ തയാറാക്കാന്‍ വച്ചിരുന്ന ബാക്ഡ്രോപ് കീറിയ ശേഷം വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ബാക്കി അപ്പോഴറിയാം എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
സിനിമാ മേഖലയിലെ ചില പ്രമുഖതാരങ്ങളെ ആക്ഷേപിച്ചതിന് സന്തോഷ് വര്‍ക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മാപ്പ് പറയിക്കാന്‍ ബാല കോടതിയാണോ എന്ന് ചോദിച്ച് അജു അലക്സ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതാണ് പ്രശ്നമായതെന്നാണ് അജു പറഞ്ഞത്.