Latest News

ആര്യയെ കൊണ്ടുവരും എന്നായിരുന്നു പറഞ്ഞിരുന്നത്; പിന്നീടാണ് അറിയുന്നത് ആര്യ അറിഞ്ഞിട്ടു പോലുമില്ലെന്ന്; ഞാന്‍ ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല; കെ ക്യൂ സിനിമയെക്കുറിച്ചുള്ള പാര്‍വ്വതി ഓമനക്കുട്ടന്റെ ആരോപണങ്ങള്‍ക്ക് ബൈജു ഏഴുപുന്നയുടെ മറുപടി

Malayalilife
ആര്യയെ കൊണ്ടുവരും എന്നായിരുന്നു പറഞ്ഞിരുന്നത്; പിന്നീടാണ് അറിയുന്നത് ആര്യ അറിഞ്ഞിട്ടു പോലുമില്ലെന്ന്; ഞാന്‍ ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല; കെ ക്യൂ സിനിമയെക്കുറിച്ചുള്ള പാര്‍വ്വതി ഓമനക്കുട്ടന്റെ ആരോപണങ്ങള്‍ക്ക് ബൈജു ഏഴുപുന്നയുടെ മറുപടി

നടനും നിര്‍മ്മാതാവുമായ ബൈജു എഴുപുന്ന സംവിധാനം ചെയ്ത ചിത്രമായിരുന്നു കെക്യു. ആന്‍സണ്‍ പോള്‍, ബൈജു എഴുപുന്ന, പാര്‍വ്വതി ഓമനക്കുട്ടന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം. എന്നാല്‍ ചിത്രത്തില്‍ ഒരു തമിഴ് നടന്‍ ആയിരിക്കും നായകന്‍ എന്ന് പറഞ്ഞാണ് തന്നെ സമീപിച്ചതെന്നും ബൈജു തന്നെയാണ് നായകനായി അഭിനയിക്കുന്നത് എന്ന് അറിയില്ലായിരുന്നുവെന്നും പിന്നീട് പാര്‍വ്വതി ഓമനക്കൂട്ടന്‍ ആരോപിച്ചിരുന്നു. തന്നെ ബൈജു പറ്റിച്ചെന്നായിരുന്നു പാര്‍വ്വതി പറഞ്ഞത്.ഇപ്പോഴിതാ പാര്‍വ്വതിയുടെ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബൈജു എഴുപുന്ന.

'കെ ക്യൂ എന്ന സിനിമയില്‍ ഞാന്‍ നായകനായിരുന്നില്ല. മറ്റൊരു വേഷമായിരുന്നു എനിക്കുളളത്. ആ സിനിമ നിര്‍മിക്കാമെന്ന് വാക്കുപറഞ്ഞത് മ?റ്റൊരാളായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം പിന്‍മാറി. പിന്നെ എനിക്ക് ആ സിനിമ പൂര്‍ത്തിയാക്കേണ്ടി വന്നു. പക്ഷെ ചില കാരണങ്ങള്‍ കൊണ്ട് ഞാന്‍ തന്നെ സിനിമയുടെ സംവിധായകനും ആകേണ്ടി വന്നു. അപ്പോഴെങ്കിലും എന്റെ കഥാപാത്രം മറ്റൊരു അഭിനേതാവിനെ ഏല്‍പ്പിക്കേണ്ടതായിരുന്നു. ആ സിനിമയുടെ സമയത്ത് ഒരുപാട് വിമര്‍ശനങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.സിനിമയിലെ നായിക പാര്‍വതി ഓമനകുട്ടനായിരുന്നു. അഭിനയിച്ചതിനുശേഷം അവര്‍ തന്നെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ബൈജു ഏഴുപുന്ന തന്നെ പ?റ്റിച്ചുവെന്നായിരുന്നു പാര്‍വതി അന്ന് പറഞ്ഞത്.

ആ ക്യാരക്ടര്‍ ചെയ്യാനിരുന്നത് ഞാനല്ല എന്നാണ് പാര്‍വതി അന്ന് പറഞ്ഞത്. പക്ഷെ കെ ക്യൂവിന്റെ ലോഞ്ചിന്റെ സമയത്ത് പാര്‍വതിയ്ക്കൊപ്പം ഫോട്ടോ ഷൂട്ടൊക്കെ ചെയ്തതാണ്. വേറൊരു നടനും ഉണ്ടായിരുന്നു. പക്ഷെ അപ്പോഴും എന്റെ കഥാപാത്രം ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. അന്നൊന്നും അങ്ങനെ പറഞ്ഞിരുന്നില്ല. എനിക്ക് കഥ ഇഷ്ടപ്പെട്ടതിനാല്‍ ചെയ്യുന്നു എന്നാണ് പാര്‍വതി പറഞ്ഞത്. അന്ന് പാര്‍വതി കൊടുത്ത അഭിമുഖം യൂട്യൂബില്‍ ഇപ്പോഴും കാണാം. സിനിമ റിലീസായ ശേഷമാണ് ഇങ്ങനെ പറയുന്നത്.

ഞാന്‍ പാര്‍വതിയോട് കഥ പറഞ്ഞപ്പോള്‍ തന്നെ തന്‍സീര്‍ എന്ന കഥാപാത്രം ചെയ്യുന്നത് ഞാനാണെന്ന് പറഞ്ഞിരുന്നു. രണ്ടാമത്തെ കഥാപാത്രം ആദ്യം ആര്യ ചെയ്യുമെന്നായിരുന്നു ആദ്യത്തെ സംവിധായകന്‍ പറഞ്ഞിരുന്നത്. ആര്യയെ കൊണ്ടുവരും എന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. ഞങ്ങളുടെ മുന്നില്‍ വച്ചാണ് അയാള്‍ ആര്യയോട് ഫോണില്‍ സംസാരിച്ചത്. പിന്നീടാണ് അറിയുന്നത് ആര്യ അറിഞ്ഞിട്ടു പോലുമില്ലെന്ന്. ആര്യ എന്ന് പറഞ്ഞ് സംസാരിച്ചിരുന്നത് വേറെ ആളോടായിരുന്നു

ഇതോടെയാണ് ഞങ്ങള്‍ അയാളെ മാറ്റുന്നത്. പിന്നീട് തമിഴില്‍ നിന്നും ഒരാളെ കൊണ്ടുവന്നു. അയാളെ വച്ച് തന്നെയായിരുന്നു പൂജ ചെയ്തത്. അയാളാണ് ആ കഥാപാത്രം ചെയ്യുന്നതെന്ന് പാര്‍വതിയ്ക്ക് അറിയാമായിരുന്നു. പക്ഷെ അയാളെ കൊണ്ട് അഭിനയിച്ചു നോക്കിയപ്പോള്‍ ശരിയായില്ല. പിന്നെ ആ കഥാപാത്രം ചെയ്യാന്‍ വരുന്നത് ആന്‍സണ്‍ പോളാണ്. ആന്‍സണും ടൊവിനോയും ആ കഥാപാത്രത്തിനായി ഓഡിഷന്‍ ചെയ്തവരാണ്. ഞാന്‍ തിരഞ്ഞെടുത്തത് ആന്‍സണിനെയായിരുന്നു.

അല്ലാതെ ഞാന്‍ ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല. പാര്‍വതി പറഞ്ഞത് ശരിയല്ല. അവര്‍ അവസാനമായി ചെയ്ത സിനിമയാണ് കെക്യു, ഞാന്‍ ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. സിനിമയില്‍ കള്ളത്തരം പറയാറില്ല. സിനിമയെ വേറൊരു തരത്തിലേക്ക് കൊണ്ടുപോകാറില്ല. അതിനാല്‍ തന്നെ സിനിമ ഇല്ലാത്ത ഒരു വര്‍ഷം പോലും ഇന്നുവരെ ഉണ്ടായിട്ടില്ല. ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഒരുപാട് നല്ല സിനിമകള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. സിനിമ സത്യമുള്ളതാണ്. പാര്‍വതി എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. പറഞ്ഞ പൈസ കൊടുത്തിട്ടുണ്ട്. നന്നായി തന്നെയാണ് പിരിഞ്ഞതും'- ബൈജു ഏഴുപുന്ന വ്യക്തമാക്കി.
 

baiju ezhupunna about parvathy omanakuttan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES