വൈശാലിയുടെ ക്ലൈമാക്‌സില്‍ മഴ പെയ്യുന്ന രംഗമുണ്ടായിരുന്നു; പല തവണ ആക്ഷന്‍ പറഞ്ഞപ്പോഴും ഞാന്‍ വിറച്ച് ഡയലോഗ് പറയാതെ നിന്നു; കണ്ടു നിന്ന എം.ടി എനിക്ക് ഒരു ഗ്ലാസ് റം തന്നിട്ട് കുടിച്ചോളാന്‍ തലയാട്ടി'; സിനിമയിലേക്കുള്ള രണ്ടാം വരവിനേക്കുറിച്ച് മനസ്തുറന്ന് ബാബു ആന്റണി

Malayalilife
വൈശാലിയുടെ ക്ലൈമാക്‌സില്‍ മഴ പെയ്യുന്ന രംഗമുണ്ടായിരുന്നു; പല തവണ ആക്ഷന്‍ പറഞ്ഞപ്പോഴും ഞാന്‍ വിറച്ച് ഡയലോഗ് പറയാതെ നിന്നു; കണ്ടു നിന്ന എം.ടി എനിക്ക് ഒരു ഗ്ലാസ് റം തന്നിട്ട് കുടിച്ചോളാന്‍ തലയാട്ടി'; സിനിമയിലേക്കുള്ള രണ്ടാം വരവിനേക്കുറിച്ച് മനസ്തുറന്ന് ബാബു ആന്റണി

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി.1986മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായ നടന്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.ആദ്യം വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായും തിളങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം കായംകുളം കൊച്ചുണ്ണിയിലെ ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് നടന്‍. സിനിമയിലേക്ക് നടന്നു കയറിയിട്ട് 33 വര്‍ഷങ്ങള്‍ പിന്നിട്ട നടന്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ അഭിനയജീവിതത്തിന്റെ തുടക്കത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും മനസ് തുറക്കുകയുണ്ടായി.

ചിലമ്പ് എന്ന സിനിമയില്‍ വില്ലനായിട്ടായിരുന്നു തന്റെ അരങ്ങേറ്റം. ജയന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.കരാട്ടെയും കളരിയും തമ്മിലുള്ള മത്സരമാണ്. റഹ്മാനാണ് ഹീറോ. ആ സിനിമയില്‍ അഭിനയിച്ചു. പിന്നെ ഭരതേട്ടന്റെ തന്നെ പ്രണാമം എന്ന സിനിമ ചെയ്തു. നിന്നെ കാണുന്നതിന് 5 വര്‍ഷം മുമ്പ് തന്നെ വൈശാലിയിലെ സ്‌കെച്ചുകള്‍ ചെയ്തിരുന്നു. രാജാവിന്റെ സ്‌കെച്ച് നിനക്ക് 100 % ചേര്‍ന്നിരുന്നു. പെട്ടെന്ന് വന്ന് കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് ഈ ഫീല്‍ഡ് വിട്ട് പോകുന്ന ആളാണെന്ന് എനിക്ക് തോന്നി അതാണ് ചിലമ്പിലും പ്രണാമത്തിലും വേഷം തന്നത്. പക്ഷേ രാജാവായിരുന്നു മനസില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പിന്നീട് പറയുമായിരുന്നു.' ബാബു അന്റണി ഓര്‍ക്കുന്നു.

ഒരിക്കലും ഈ കഥാപാത്രത്തെ കുറിച്ച് കാര്യമായി അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല. ഹത്യ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ഭരതേട്ടന്‍ അവിടെ വന്നു. വൈശാലിയുടെയും ഋഷ്യശൃംഗന്റെയും കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആളെ നോക്കുകയാണ് ഞാന്‍, നിനക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ എനിക്ക് അറിയാവുന്ന കുറച്ചു പേരെ കണക്ട് ചെയ്തു കൊടുത്തു. അന്നൊന്നും ഞാന്‍ ഈ സിനിമയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ചിലപ്പോള്‍ നീ അഭിനയിക്കേണ്ടി വരും എന്ന് മാത്രമേ പറഞ്ഞുള്ളൂ. കാസ്റ്റിങ് എല്ലാം കഴിഞ്ഞ് മൈസൂരില്‍ ഷൂട്ടിങ്ങ് ആരംഭിക്കുന്നുവെന്ന് അറിഞ്ഞു. അപ്പോഴാണ് ഭരതേട്ടന്‍ എന്നോട് മൈസൂരിലേക്ക് ചെല്ലാന്‍ പറയുന്നത്. അങ്ങനെ മൈസൂരില്‍ ചെന്നു. രാജാവിന്റെ വേഷം എടുത്ത് ഇടാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് വൈശാലിയിലെ വേഷം ലഭിക്കുന്നത്'

'ഭരതേട്ടന്റെ സെറ്റ് ടെന്‍ഷന്‍ ഇല്ലാത്ത സെറ്റാണ്. അദ്ദേഹം വളരെ ഫ്രണ്ട്‌ലി ആണ്. നീ അങ്ങോട്ട് ചെയ്യടാ എന്നൊരു ലൈന്‍ ആണ് അദ്ദേഹത്തിന്. മറ്റുള്ളവര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കേണ്ട, ഇപ്പോള്‍ അഭിനയിക്കുന്നത് കറക്ടാണ്, ഇങ്ങനെതന്നെ ചെയ്തോ, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി ഞാന്‍ പറഞ്ഞുതരാം എന്നാണ് അദ്ദേഹം പറഞ്ഞത്. സുപര്‍ണ, സഞ്ജയ്, വേണുചേട്ടന്‍, അശോകന്‍, വാസുവേട്ടന്‍ എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു.'

വാസുവേട്ടന്‍ (എം ടി വാസുദേവന്‍ നായര്‍) എല്ലാ ദിവസവും ഷൂട്ടിങ്ങ് സ്ഥലത്ത് വന്ന് നില്‍ക്കും. ഒന്നും മിണ്ടില്ല അദ്ദേഹം. മീശ പിരിച്ച് അങ്ങനെ നില്‍ക്കും. സിനിമയുടെ ക്ലൈമാക്സില്‍ മഴ പെയ്യുന്ന രംഗമുണ്ട്. എന്റെ ശരീരം വല്ലാതെ തണുത്തു. മഴയും കാറ്റും എല്ലാം കൂടെ ആയപ്പോള്‍ വിറയ്ക്കാന്‍ തുടങ്ങി അവസാനത്തെ ഡയലോഗ് പറയുമ്പോള്‍ ചുണ്ടുകള്‍ തണുപ്പുകൊണ്ട് വിറച്ചു.

രണ്ട് മൂന്ന് പ്രാവശ്യം ആക്ഷന്‍ പറഞ്ഞിട്ടും വിറയല്‍ മാറിയില്ല. അപ്പോഴാണ് എന്റെ പുറകില്‍ വന്ന് ഒരാള്‍ തോളത്തു തട്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ സാക്ഷാല്‍ വാസുവേട്ടന്‍. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഗ്ലാസില്‍ പകുതി റം. അദ്ദേഹം തല കൊണ്ട് കുടിച്ചോളാന്‍ എന്ന മട്ടില്‍ ഒരു ആംഗ്യം കാണിച്ചു. ഞാന്‍ അത് വാങ്ങി കുടിച്ചു, എന്നിട്ട് ഡയലോഗ് പൂര്‍ത്തീകരിക്കുകയും ചെയ്തു. അതുവരെയും നിശബ്ദനായി എല്ലാം കണ്ടുനില്‍ക്കുന്ന ആളായിരുന്നു അദ്ദേഹമെന്നും ബാബു ആന്റണി ഓര്‍ക്കുന്നു.

സിനിമയില്‍ നിന്ന് ഇടവേളയെടുത്ത കാലത്ത് ഞാന്‍ എന്റെ കുടുംബം വളര്‍ത്തിയെടുക്കുകയായിരുന്നു. വിവാഹമേ വേണ്ടെന്നു വെച്ചയാളായിരുന്നു ഞാന്‍. പക്ഷേ പിന്നീട് ആ തീരുമാനമൊക്കെ മാറ്റി. ഇടക്കാലത്ത് എന്നെ പരിഹസിച്ച ഒരുപാട് ആളുകളുണ്ട്. അതില്‍ സംവിധായകരും സുഹൃത്തുക്കളും ഉള്‍പ്പെടും. നിങ്ങള്‍ അഭിനയം നിര്‍ത്തുന്നതാണ് നല്ലത്, പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്ന് അവരൊക്കെ പറഞ്ഞു.

പക്ഷേ കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രം എനിക്ക് പുതിയ ഊര്‍ജമാണ് നല്‍കിയത്. അഞ്ചോ ആറോ രംഗങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ. എങ്കിലും ആ കഥാപാത്രത്തിന്റെ ഫീല്‍ അതില്‍ കിട്ടിയിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചു. ഇനിയൊരു സിനിമ ചെയ്തില്ലെങ്കിലും പ്രശ്നമില്ല എന്നൊരു തോന്നല്‍ പോലുമുണ്ടായി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

babu antony about he come back movie in malayalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES