പ്രശസ്ത വയലിനിസ്റ്റും അന്തരിച്ച ബാലഭാസ്‌കറിന്റെ വല്യച്ഛനുമായ ബി ശശി കുമാറിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയുടെ വേദനയിലാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ നൂറുകണക്കിന് ശിഷ്യഗണങ്ങളും. ശനിയാഴ്ചയാണ് ശശികുമാറിന്റെ മരണം സംഭവിച്ചത്. പതിവു പോലെ വീട്ടിലിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ഞൊടിയിടയിലാണ് മരണം തേടിയെത്തിയത്.
ബാലഭാസകറിന്റെ അമ്മാവനും അദ്ദേഹത്തിന്റെ ഗുരുവും പ്രശസ്ത കര്‍ണാടക സംഗീതജ്ഞനുമായ ബി ശശികുമാര്‍ ആണ് വിട വാങ്ങിയത്.ബാലഭാസ്‌കറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ബി ശശികുമാര്‍. അച്ഛനേക്കാളും അമ്മയേക്കാളുമൊക്കെ ബാലുവിന് ഇഷ്ടം വല്യച്ഛാ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹത്തോടായിരുന്നു. ബാലഭാസ്‌കറിന്റെയും അനിയത്തി പ്രിയയുടെയും മനസുകളില്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ കോറിയിട്ടു നല്‍കിയ അദ്ദേഹം പിന്നീട് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഗുരുവായി മാറുകയായിരുന്നു. ജീവിച്ചിരുന്ന 40 വര്‍ഷവും ബാലഭാസ്‌കര്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.
ബാലഭാസ്‌ക്കറിനെ സംഗീത ലോകത്തേക്ക് കൈപിടിച്ചു കയറ്റിയതും ശശികുമാര്‍ വയലിന്‍ പഠിപ്പിക്കുമ്പോള്‍ തന്റെ മടിയില്‍ കയറിയിരിക്കുന്ന അനന്തരവന്റെ കുസൃതികള്‍ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. ആ ഓര്‍മകള്‍ തീരാവ്യഥയായി മരണംവരെ അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണിക്കൊപ്പം നിയമപോരാട്ടത്തിനു പിന്തുണയുമായി അദ്ദേഹവും ഒപ്പമുണ്ടായിരുന്നു. ആ ആഗ്രഹം പൂര്‍ത്തീകരിക്കായാണ് അദ്ദേഹം മടങ്ങിയത്.
നിരവധി ശിഷ്യഗണങ്ങളാല്‍ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 'ശിഷ്യന്മാരാണ് എന്റെ സമ്പാദ്യം.' എന്നു പറയുമായിരുന്നു അദ്ദേഹം. പ്രശസ്തഗായകര്‍ മുതല്‍ പുതുതലമുറയിലെ കുരുന്നുകള്‍ വരെ, ബി.ശശികുമാറെന്ന പ്രതിഭയുടെ കിരണങ്ങളേറ്റു വാങ്ങിയവര്‍ നിരവധിയാണ്. നിരവധി പ്രമുഖര്‍ക്കൊപ്പം കച്ചേരികളില്‍ പങ്കെടുത്ത വ്യക്തിയായിരുന്നു ബി. ശശികുമാര്‍. തിരുവല്ല സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം പൂജപ്പുര ജഗതിയില്‍ വര്‍ണത്തിലായിരുന്നു താമസം. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ബാലമുരളീകൃഷ്ണ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം വയലിന്‍ വായിച്ചിട്ടുണ്ട്.
തിരുവല്ല ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാനായിരുന്ന എം.കെ. ഭാസ്‌കര പണിക്കരുടെയും ജി. സരോജിനിയമ്മയുടെയും മകനാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വരവിദ്വാനായിരുന്നു ശശികുമാറിന്റെ അച്ഛന്‍ തിരുവല്ല ബ്രദേഴ്സിലെ കൊച്ചുകുട്ടപ്പന്‍ എന്ന ഭാസ്‌കരപ്പണിക്കര്‍. അച്ഛന് തിരുവനന്തപുരത്ത് ജോലികിട്ടിയപ്പോഴാണ് അഞ്ചുമക്കളെയുംകൊണ്ട് കുടുംബം തലസ്ഥാനത്തെത്തുന്നത്. മൂത്തമകനായിരുന്നു ശശികുമാര്‍.
'അച്ഛന്‍ ജോലിക്കു പോകുമ്പോള്‍ ഒപ്പംപോകും. പായസവും പൊങ്കലുമൊക്കെ കിട്ടിയാല്‍ വീട്ടില്‍ കൊണ്ടുപോകും. അതായിരുന്നു പ്രാതല്‍.' കഷ്ടപ്പാടിന്റെ നാളുകളിലും അച്ഛന്‍ മക്കളെ സംഗീതം പഠിപ്പിച്ചു. സംസ്‌കൃതം സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പഠനത്തിനുശേഷം അന്നത്തെ സംഗീത അക്കാദമി(സ്വാതിതിരുനാള്‍ സംഗീത കോളേജ്)യില്‍ ചേരാന്‍ നിര്‍ബന്ധിച്ചത് അച്ഛന്റെ സുഹൃത്ത് ചാലക്കുടി നാരായണ സ്വാമിയാണ്.
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ നാടകങ്ങള്‍ക്കൊക്കെ പിന്നണി വായിക്കാന്‍ പോകും. കിട്ടുന്ന കാശ് വീട്ടിലേല്‍പ്പിക്കും. കഷ്ടപ്പാടിന്റെ നാളുകള്‍ക്കറുതിവന്നത് സംഗീതകോളേജില്‍ അദ്ധ്യാപകനായി ജോലി കിട്ടിയപ്പോഴാണ്‌െൈ. ചമ്പ ൈവദ്യനാഥ ഭാഗവതര്‍, ഡി.കെ.ജയരാമന്‍, ഡി.കെ.പട്ടമ്മാള്‍, എം.ഡി.രാമനാഥന്‍, ബാലമുരളീകൃഷ്ണ, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ക്കൊക്കെ കച്ചേരി വായിച്ചു.
അന്നൊെക്ക മണിക്കൂറുകളോളം വയലിന്‍ വായിച്ചു. പഠിക്കാനെത്തിയ എല്ലാവര്‍ക്കുംവേണ്ടി സമയം കണ്ടെത്തി. നിരവധി കൃതികള്‍ ചിട്ടപ്പെടുത്തി. ആകാശവാണി ആര്‍ട്ടിസ്റ്റായി. അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിനു കിട്ടിയോ എന്ന് വിലയിരുത്തേണ്ടത് സംഗീതലോകമാണ്. ഇത്രയധികം ശിഷ്യസമ്പത്തുള്ള മനുഷ്യര്‍ അത്യപൂര്‍വമാണ്.
ഫീസു വാങ്ങാതെ വിദ്യ പകര്‍ന്നുതന്നിരുന്ന ഗുരു; പ്രിയ ഗുരുവിന്റെ വേര്‍പാടില്‍ ജി. വേണുഗോപാല്‍
ബി.ശശികുമാറിന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്നു പിന്നണി ഗായകന്‍ ജി. വേണു ഗോപാല്‍. ബി.ശശികുമാറിന്റെ വേര്‍പാടിനെ തുടര്‍ന്ന് ജി.വേണുഗോപാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഫീസും വാങ്ങാതെ വിദ്യ വിളമ്പിയിരുന്ന ഗുരുവായിരുന്നു ബി.ശശികുമാര്‍ എന്നാണ് ജി.വേണു ഗോപാല്‍ പ്രിയ ഗുരുവിന്റെ വേര്‍പാടിന്റെ വേദനയില്‍ കുറിച്ചത്.
ബി.ശശികുമാര്‍ സാര്‍ ഇനി ഓര്‍മ്മകളില്‍ മാത്രം .എന്റെ ഗുരുക്കന്മാരില്‍ അഗാധ പാണ്ഡിത്യമുള്ള ഗുരു ശ്റേഷ്ഠനായിരുന്നു ശശികുമാര്‍ സാര്‍.
തികച്ചും വ്യത്യസ്തനായൊരു സംഗീതജ്ഞന്‍, ഗുരു . അറിഞ്ഞു മാത്രം വിദ്യ വിളമ്പുക എന്നതായിരുന്നു സാറിന്റെ രീതി.
എല്ലാവരേയും ശിഷ്യരായി അദ്ദേഹം സ്വീകരിക്കില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരില്‍ നിന്നും അദ്ദേഹം ഫീസും വാങ്ങില്ലായിരുന്നു. നാദസ്വര വിദ്വാനായിരുന്ന സ്വന്തം അച്ഛന്‍ തന്നെയിരുന്നു ശശികുമാര്‍ സാറിന്റെ ഗുരു. 'എന്റെ അച്ഛന്‍ കാശ് വാങ്ങാതെയായിരുന്നു വിദ്യ പകര്‍ന്നു കൊടുത്തിരുന്നത്. അതിനൊരു മാറ്റം ഞാനും വരുത്തില്ല ' സാര്‍ പറയുമായിരുന്നു.
മറ്റാരും പറഞ്ഞു തരാത്ത സംഗീത സാധന മുറകളായിരുന്നു സാറിന്റെത്. ആദ്യം കഠിനമെന്ന് തോന്നുന്ന പാഠങ്ങള്‍ നിരന്തരം സാധകം ചെയ്യുന്നതിലൂടെ വോക്കല്‍ റേഞ്ച് മാത്രമല്ല, ഓരോ രാഗങ്ങളെക്കുറിച്ചുള്ള ബോധവും വര്‍ദ്ധിപ്പിക്കുന്ന പാഠഭേദങ്ങളായിരുന്നു ശശികുമാര്‍ സാറിന്റെത്. ഗ്രൂപ്പ് ക്ലാസ്സുകളായിരുന്നു സാര്‍ സാധാരണ എടുത്തിരുന്നത്.
ഗായകരും, വയലിനിസ്റ്റുകളുമൊക്കെ ഒരുമിച്ചിരുന്ന് സാധന ചെയ്യുന്ന ഒരു രീതി. ഓരോ പാഠവും കൃത്യമായി സാര്‍ വയലിനിലൂടെയും പാടിയും പഠിപ്പിച്ചിരുന്നു. കാവാലം ശ്രീകുമാറും, കല്ലറ ഗോപനും, ശ്രീറാമും, ബാലഭാസ്‌ക്കറുമൊക്കെ ചേര്‍ന്നുള്ള ഞങ്ങളുടെ ഗ്രൂപ്പ് സെഷന്‍സ് ഒരിക്കലും മറക്കാനാകില്ല.
ശശികുമാര്‍ സാറിന്റെ വേര്‍പാടിലൂടെ കേരളത്തിനു അതി പ്രശസ്തനായ ഒരു വയലിനിസ്ററിനേയാണ് നഷ്ടമായിരിക്കുന്നത്. ഞങ്ങള്‍ ശിഷ്യര്‍ക്ക് മഹാ പണ്ഡിതനും, വാത്സല്യനിധിയായ ഗുരുവിനേയും- വേണുഗോപാല്‍ കുറിച്ചു.