സ്ത്രീ ആരാധകര്‍ക്കുള്ള ഒരു മുന്നറിയിപ്പുമായാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് രംഗത്ത്. തനിക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലെന്നും തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചവര്‍ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും വിദേശ നമ്പറുകളില്‍ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി തനിക്ക് അറിവു ലഭിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.
'എന്റെ വ്യാജ പ്രൊഫൈലുകള്‍ ഫെയ്‌സ്ബുക്കിലുണ്ട്. അതൊന്നും തന്നെ എന്റേതല്ല. എനിക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ല''- അനുരാഗ് കശ്യപ് പറയുന്നു. 'ഞാനെന്ന വ്യാജേന നിങ്ങള്‍ക്ക് മേസേജ് അയയ്ക്കുന്ന വ്യക്തിയെ എത്രയും വേഗം ബ്ലോക്ക് ചെയ്യുക.
വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് സ്ത്രീകള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുക മാത്രമല്ല വിദേശ നമ്പറുകളില്‍ നിന്ന് വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ട് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ദയവു ചെയ്ത് അത്തരം സന്ദേശങ്ങളോടും ഫോണ്‍വിളികളോടും പ്രതികരിക്കാതിരിക്കുക. അതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക. ഞാന്‍ ഇതുസംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്'.
'യാത്രകളിലാണെങ്കില്‍പ്പോലും ഞാന്‍ എന്റെ ഇന്ത്യന്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ'. തന്റെ പേരു പറഞ്ഞ് സ്ത്രീകള്‍ക്ക് സന്ദേശമയച്ച വ്യാജന്റെ വാട്‌സാപ് സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.