നീലവെളിച്ചത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് എത്തുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് അനുരാഗ് കശ്യപ് അഭിനയിക്കുന്നത്. നേരത്തെ നയന്‍താര ചിത്രം 'ഇമൈക്ക നൊടികളില്‍' വില്ലനായി അനുരാഗ് കശ്യപ് തമിഴില്‍ എത്തിയിരുന്നു.
ആഷിഖ് അബുവിനോട് അനുരാഗ് ചോദിച്ച് വാങ്ങിയ റോള്‍ കൂടിയാണിത്. നേരത്തെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിന് താഴേ 'അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ' എന്നായിരുന്നു അനുരാഗ് കശ്യപ് കമന്റ് ചെയ്തത്. 'അതെ സര്‍ജി, സ്വാഗതം' എന്നായിരുന്നു ഇതിന് ആഷിഖ് അബു നല്‍കിയ മറുപടി.
ഇതിന് പിന്നാലെയാണ് ചിത്രത്തിലെ വില്ലന്‍ റോളിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ വിജയ് ചിത്രം ലിയോയിലും അനുരാഗ് കശ്യപ് കാമിയോ റോള്‍ ചോദിച്ച് വാങ്ങിയിരുന്നു.
മലയാളത്തില്‍ അഭിനയരംഗത്ത് ആദ്യമായിട്ടാണെങ്കിലും നിര്‍മാണ രംഗത്ത് നേരത്തെ അനുരാഗ് കശ്യപ് എത്തിയിരുന്നു. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' ന്റെ സഹനിര്‍മാതാവ് ആയും നിഥിന്‍ ലൂക്കോസ് സംവിധാനം ചെയത 'പക'യില്‍ നിര്‍മാതാവായും അനുരാഗ് കശ്യപ് എത്തിയിരുന്നു.
ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് റൈഫിള്‍ ക്ലബ്ബില്‍ നായകന്‍മാര്‍. ദിലീഷ് കരുണാകരന്‍, ഷഫ്, സുഹാസ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
അതേസമയം ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ലൗലി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആഷിഖ് അബു ആണ്. ആദ്യമായാണ് ആഷിഖ് അബു ഒരു ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മാത്യു തോമസും മനോജ് കെ. ജയനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.