സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്. കട്ടപ്പനയില്‍ 'ജല്ലിക്കെട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മേശയില്‍ ഇടിച്ചാണ് പരിക്കേറ്റത്. ചുണ്ടിലും വായയുടെ അകത്തുമായി തുന്നിക്കെട്ടുകളുള്ളതിനാല്‍ ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ച ആന്റണി വര്‍ഗീസ് വീട്ടിലേക്ക് മടങ്ങി.
ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച സിനിമ താരങ്ങളിലൊരാളാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രമാണ് ആന്റണി വര്‍ഗീസിനെ മലയാള സിനിമയ്ക്ക് പ്രിയങ്കരനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടിനു പാപ്പച്ചന്‍ ചിത്രമായ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയിലായിരുന്നു താരം പിന്നീട് അഭിനയിച്ചത്. അതും മികച്ച പ്രതികരണം നേടി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധായത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ജല്ലിക്കെട്ട്. ഈമയൌ എന്ന ചിത്രത്തിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രം കൂടിയാണ് ജല്ലിക്കെട്ട്. വിനായകനും ആന്റണി വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എസ്. ഹരീഷും ആര്‍. ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്.