നൃത്തം ചെയ്യുന്ന വീഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ടവര്‍ക്ക് മറുപടിയുമായി നടി അന്ന രാജന്‍. താന്‍ അസുഖ ബാധിതയാണെന്നും വീഡിയോ ഇഷ്ടപ്പെട്ടില്ലെന്നുവച്ച് ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്ത് വേദനിപ്പിക്കരുതെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തൈറോയ്ഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നാണ് അന്ന രാജന്റെ വെളിപ്പെടുത്തല്‍.
ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കുമെന്നാണ് അന്ന പറയുന്നത്. മുഖം വീര്‍ക്കുകയും സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാകും. അസുഖം ഉണ്ടെന്ന് കരുതി ഒന്നും ചെയ്യാതെയിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താരം തന്റെ വീഡിയോകള്‍ കാണാന്‍ താത്പര്യമില്ലാത്തവര്‍ കാണേണ്ടെന്നും പറഞ്ഞു.
താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ : 'ഞാന്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളോ എന്നെ തന്നെയോ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് പറയാം. പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് മറ്റ് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും ഏറെ വേദനാജനകമാണ്.
ഞാന്‍ പങ്കുവച്ച നൃത്ത വീഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്റെ ശരീരത്തിന് ചിലപ്പോള്‍ വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, മറ്റുചിലപ്പോള്‍ മുഖം വീര്‍ക്കുകയും സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.
രണ്ടുവര്‍ഷമായി ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലോകം എന്റേത് കൂടിയാണ്. നിങ്ങള്‍ക്ക് എന്റെ വീഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക'.
തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവര്‍ക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദിയെന്നും താരം വീഡിയോയ്ക്ക് താഴെ കുറിച്ചു. 'എന്റെ വസ്ത്രം മൂലം എന്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. കൂടാതെ, ഞാന്‍ ഒരു പ്രൊഫഷണല്‍ നര്‍ത്തകിയല്ല, മറിച്ച് പാഷനേറ്റായ ഒരു നര്‍ത്തകി മാത്രമാണ്
പക്ഷേ പരിമിതികള്‍ക്കിടയില്‍ നിന്ന് ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അടുത്ത തവണ ഒരു തടസവുമില്ലാതെ നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി സാഹചര്യം മനസിലാക്കി നിങ്ങളുടെ പിന്തുണ തുടരുക. നിങ്ങള്‍ എല്ലാവരോടും എനിക്ക് സ്നേഹമാണ്...എന്റെ ഇന്‍സ്റ്റയില്‍ കമന്റിടുന്നവരെല്ലാം എന്റെ ആരാധകരാണ്...അതിനാല്‍ ദയവായി എന്നെ പിന്തുണയ്ക്കുന്നത് തുടരുക'- അന്നയുടെ വാക്കുകള്‍ ഇങ്ങനെ