ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും തിളങ്ങിയ താരമാണ് അനിഘ. മലയാളത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് തിളങ്ങിയ അനിഘയെ തമിഴില്‍ താരമാക്കിയത് അജിത്ത് കിമാറിനൊപ്പം വേഷമിട്ട എന്നെ അറിന്താലാണ്. തുടര്‍ന്ന് തമിഴിലും വലിയ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ അനിഘ, തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുന്ന വിശ്വാസത്തില്‍ അജിത്തിന്റെ മകളുടെ വേഷത്തിലും തിളങ്ങുകയാണ്.
തമിഴിന്റെ മക്കള്‍ സെല്വന് വിജയ് സേതുപതിക്കൊപ്പം സ്ക്രീന്‍ പങ്കിടാനുള്ള ഒരുക്കത്തിലാണ് ഈ കുട്ടിത്താരം. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമാനിതനിലാണ് അനിഘ വിജയ് സേതുപതിക്കൊപ്പം കൈകോര്‍ക്കുക. ചിത്രത്തില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിലാണ് വിജയ് സേതുപതി.
മാമനിതന്റെ ഷൂട്ടിങ് ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തില്‍ മലയാളി താരങ്ങളായ മണികണ്ഠന് ആചാരിയും, ജുവല്‍ മേരിയും വേഷമിടുന്നുണ്ട്. അനിഖയ്ക്കും വിജയ് സേതുപതിക്കുമൊപ്പം ലൊക്കേഷനില്‍ ഒരു വള്ളത്തില്‍ ഇരിക്കുന്ന ചിത്രം ജുവല്‍ മേരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത സംവിധായകന് യുവന് ശങ്കര്‍രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗായത്രി ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി എത്തുന്നു.