Latest News

ഷൂട്ടിങിനായി സെറ്റിന് പകരം വീട് നിര്‍മ്മിച്ചു; ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ ഷീറ്റു വലിച്ചു കെട്ടി താമസിച്ചവര്‍ക്ക് വീട് കൈമാറി നടന്‍ സുരേഷ് ഗോപി; അന്‍പോട് കണ്‍മണി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകകാട്ടിയത് ഇങ്ങനെ

Malayalilife
ഷൂട്ടിങിനായി സെറ്റിന് പകരം വീട് നിര്‍മ്മിച്ചു; ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ ഷീറ്റു വലിച്ചു കെട്ടി താമസിച്ചവര്‍ക്ക് വീട് കൈമാറി നടന്‍ സുരേഷ് ഗോപി; അന്‍പോട് കണ്‍മണി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകകാട്ടിയത് ഇങ്ങനെ

തൊരു മനുഷ്യന്റെയും സ്വപ്നമാണ് ഒരു വീട്. മഴയും വെയിലുമേല്‍ക്കാതെ ഓടിവന്ന് കൂടണയാന്‍ മക്കള്‍ക്കും കുടുംബത്തിനും ഒപ്പം സമാധാനത്തോടെ തലചായ്ച്ചുറങ്ങാന്‍ ഒരു വീട്. ഒരു മനുഷ്യായുസ് മുഴുവന്‍ കാത്തിരുന്ന് വീട് പണിതിട്ടും അതു പൂര്‍ത്തീകരിക്കാനാകാതെ അതിനുള്ളില്‍ കിടന്നുറങ്ങേണ്ടി വരുന്നവര്‍ക്ക് മനസിലെന്നും ഒരു നീറ്റലായിരിക്കും. ആശങ്കയായിരിക്കും. അതുപോലൊരു കുടുംബത്തിന്റെ കണ്ണീരും വേദനയും കണ്ട് അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപിയും അന്‍പോട് കണ്‍മണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും കൂട്ടരും.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗിനായി സെറ്റിട്ടു നിര്‍മ്മിച്ചത് ഒരു പുത്തന്‍ വീടാണ്. വീട്ടിലെ ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഏറ്റവും അര്‍ഹതപ്പെട്ട ഒരു കുടുംബത്തെ കണ്ടെത്തി ആ വീട് സമ്മാനിച്ചിരിക്കുകയാണ് ഇപ്പോള്‍. അന്‍പോട് കണ്‍മണി എന്ന സിനിമയുടെ ഭാഗമായി നടന്‍ സുരേഷ് ഗോപി ആ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് ഒരു പുത്തന്‍ മാതൃക തന്നെയാണ്. മാത്രമല്ല, മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സിനിമാ ചിത്രീകരണത്തിന് വേണ്ടി ഒരു പുത്തന്‍ വീട് നിര്‍മ്മിച്ചതും ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അതൊരു കുടുംബത്തിന് കൈമാറിയതും.

സാധാരണ ഷൂട്ടിംഗുകള്‍ക്കായി വീടുകള്‍ കണ്ടെത്തുകയോ അല്ലെങ്കില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് ഓരോ സിനിമകള്‍ക്കും ആവശ്യമായ സെറ്റ് ഒരുക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇവിടെ ഏതാനും ലക്ഷങ്ങള്‍ മാത്രം ചെലവിട്ട് പൂര്‍ണമായും ചെങ്കല്ലില്‍ തീര്‍ത്ത മനോഹരമായ ബജറ്റ് ഹോം തന്നെയാണ് ഇവിടെ ഒരു പാവപ്പെട്ട കുടുംബത്തിന് സമ്മാനിച്ചത്. ചുറ്റും കവുങ്ങുകളും തെങ്ങുകളും നിറഞ്ഞ പ്രദേശത്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ആ പ്രദേശത്തിന്റെ സ്വാഭാവികമായ ഭംഗിയൊട്ടും തന്നെ കേടുവരുത്താതെ വളരെ മനോഹരമായാണ് ഈ വീട് ഡിസൈന്‍ ചെയ്തതും പണി പൂര്‍ത്തിയാക്കിയതും.

ഒറ്റനോട്ടത്തില്‍ തന്നെ ആരും കൊതിക്കുന്ന വീട്. ആ ഉമ്മറപ്പടിയില്‍ കേറിയിരുന്ന് ഒരു തണുത്ത കാറ്റ് ആസ്വദിക്കുവാന്‍ ആര്‍ക്കും തോന്നിപ്പോകും. അത്രയ്ക്കും മനോഹരമായ ഒരു വീടാണ് ഇത്രയും കാലം നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം കഴിച്ചു കൂട്ടിയ ഒരു പാവപ്പെട്ട കുടുംബത്തിന് നടന്‍ സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. ക്രീയേറ്റീവ് ഫിഷി'ന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അന്‍പോട് കണ്‍മണി'. സിനിമയുടെ ചിത്രീകരണം തലശ്ശേരിയില്‍ പൂര്‍ത്തിയായതിനു ശേഷമാണ് ആ വീടിന്റെ താക്കോല്‍ദാന കര്‍മം നടന്‍ സുരേഷ്ഗോപി നിര്‍വഹിച്ചത്. ഒട്ടേറെ തിരക്കുകള്‍ക്കിടയില്‍ നിന്നും ഓടിയെത്തിയാണ് സുരേഷ് ഗോപി ഏറ്റവു മനോഹരമായ ഈ കര്‍മ്മം നിര്‍വ്വഹിച്ചത്.

മാത്രമല്ല, സാധാരണ, കോടികള്‍ ചെലവിട്ട് സെറ്റ് വര്‍ക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിര്‍മിച്ച് അവിടെവച്ച് ഷൂട്ടിങ് നടത്തിയശേഷം ആ വീട് കൈമാറിയതോടെ മലയാള സിനിമയില്‍ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കുംകൂടി തുടക്കമിടുകയാണ്, 'അന്‍പോട് കണ്‍മണി' എന്ന സിനിമ. തുടക്കത്തില്‍ വീടിന്റെ സെറ്റിടാന്‍ തന്നെയായിരുന്നു ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരും തീരുമാനിച്ചത്. എന്നാല്‍ ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറും. അതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. പിന്നോക്ക അവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാന്‍ ക്രിയേറ്റീവ് ഫിഷിന് സാധിച്ചുവെന്നതിന്റെ അഭിമാനത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാവ് വിപിന്‍ പവിത്രന്‍.

അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍, ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

anbodu kanmani Film crew

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES