നടന്‍ അമിതാഭ് ബച്ചന്‍ മകള്‍ ശ്വേത നന്ദയ്ക്ക് 50.63 കോടി രൂപ വിലപിടിപ്പുളള ബംഗ്ലാവ് സമ്മാനിച്ചു. മുംബയിലെ ജുഹുവിലുളള 'പ്രതീക്ഷ' എന്ന് പേരുളള ബംഗ്ലാവാണ് താരം മകള്‍ക്കായി സമ്മാനിച്ചത്. ജുഹുവില്‍ തന്നെ ബച്ചന്‍ കുടുംബത്തിന് മൂന്ന് വലിയ ബംഗ്ലാവുകള്‍ ഉണ്ടെന്നാണ് വിവരം. താരത്തിന്റെ മകന്‍ അബിഷേക് ബച്ചന്റെയും ഐശ്വര്യറായിയുടെയും വിവാഹ സല്‍ക്കാരങ്ങള്‍ ജുഹുവിലെ പ്രതീക്ഷ, ജല്‍സ, ജനക് തുടങ്ങിയ ബംഗ്ലാവുകളില്‍ വച്ചാണ് നടന്നത്.
പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ വെബ്സൈറ്റായ സാപ്കി.കോമില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഈ മാസം ഒമ്പതിനാണ് താരം ബംഗ്ലാവ് മകളുടെ പേരിലേക്ക് മാറ്റിയത്. മറ്റ് രേഖകള്‍ തയ്യാറാക്കുന്നതിനായി 50.65 ലക്ഷം കൈമാറിയതായും വിവരം ലഭിച്ചു. വിതാല്‍ നഗര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുളള പ്രതീക്ഷ 674 ചതുരശ്ര അടിയിലും 890.47 ചതുരശ്ര അടിയിലും രണ്ട് പ്ലോട്ടുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 890.47 ചതുരശ്ര അടിയിലുളള ബംഗ്ലാവിന്റെ ഭാഗം അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുളളതാണ്. 674 ചതുരശ്ര അടിയിലുളള ബംഗ്ലാവിന്റെ ഭാഗം അമിതാഭ് ബച്ചന്റെ പേരില്‍ മാത്രമുളളതാണ്.
അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ബംഗ്ലാവിന് പ്രതീക്ഷ എന്ന് പേര് നല്‍കിയത്. അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ബംഗ്ലാവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.