ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളികളെ ചിരിപ്പിക്കാന്‍ അമറും അക്ബറും അന്തോണിയും വീണ്ടും എത്തുന്നുവെന്ന സൂചന നല്കി നടന് കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണന്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അമര്‍ അക്ബര്‍ അന്തോണി.
ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ വിഷ്ണു പങ്കുവെച്ചത്. അമര്‍ അക്ബര്‍ അന്തോണിയുടെ ഒരു സീക്വല്‍ നമ്മള് പ്ലാന്‍ ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ എല്ലാം ശരിയാകുമ്പോള്‍ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കുയാണ്' എന്നായിരുന്നു വിഷ്ണുവിന്റെ വാക്കുകള്‍.
വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്ട്ടിന് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബറിലാണ് തിയറ്ററുകളില്‍ എത്തുക. ഒരു ഫാമിലി ഫണ്‍ എന്റര്ടെയ്നര് മൂഡില്‍ മുന്നോട്ട് പോകുന്ന ചിത്രം കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ഒരേ കോളനിയില്‍ താമസിക്കുന്ന മൂന്ന് ബാച്ചിലര്‍ സുഹൃത്തുക്കളായാണ് ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ എത്തിയത്. ആഡംബര ജീവിതം നയിക്കുക, പട്ടായ സന്ദര്‍ശിക്കുക എന്നായിരുന്നു അവരുടെ ലക്ഷ്യം. അതിനു വേണ്ടിയുള്ള ശ്രമങ്ങളും അവരുടെ ജീവിതവുമാണ് ചിത്രം പറഞ്ഞത്. ആസിഫ് അലി, ബിന്ദു പണിക്കര്‍, മീനാക്ഷി, കലാഭവന്‍ ഷാജോണ്‍, കെപിഎസ്സി ലളിത തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.