Latest News

ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചത് ശ്വാസകോശത്തില്‍ ഫ്ളൂയിഡ് കെട്ടി ഗുരുതരമായ അവസ്ഥയില്‍; ഹൃദയത്തെ ബാധിച്ചെങ്കിലും പെട്ടെന്ന് തന്നെ അപകടനില തരണം ചെയ്തു; നാളെ നേരം വെളുക്കും വരെ വെന്റിലേറ്ററില്‍ തന്നെ തുടരും

Malayalilife
 ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചത് ശ്വാസകോശത്തില്‍ ഫ്ളൂയിഡ് കെട്ടി ഗുരുതരമായ അവസ്ഥയില്‍; ഹൃദയത്തെ ബാധിച്ചെങ്കിലും പെട്ടെന്ന് തന്നെ അപകടനില തരണം ചെയ്തു; നാളെ നേരം വെളുക്കും വരെ വെന്റിലേറ്ററില്‍ തന്നെ തുടരും

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്‍ അപകടാവസ്ഥ തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍. ഇപ്പോഴും നടന്‍ വെന്റിലേറ്ററില്‍ തന്നെയാണ്. ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഫ്ളൂയിഡ് കെട്ടിയതാണ് ശ്വാസംമുട്ടലിന് ഇടയാക്കിയതെന്ന് ഡോക്ടര്‍ ഗൗതം പ്രതികരിക്കുന്നു.

 ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഹൃദയം ദുര്‍ബലാവസ്ഥയിലായിരുന്നു. എന്നാല്‍, ഹൃദയാഘാതമുണ്ടായിട്ടില്ല. രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതല്‍ തന്നെ ശ്രീനിവാസന്‍ ചികിത്സ തേടുന്നുണ്ട്.

ശ്വാസകോശത്തില്‍ നിന്ന്  ഫ്ളൂയിഡ് നീക്കാനുള്ള ചികിത്സയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നുമുഴുവന്‍ വെന്റിലേറ്ററില്‍ തന്നെയായിരിക്കും. നാളെ റൂമിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് കരുതുന്നത്. ജോലി സമ്മര്‍ദ്ദം കാരണമാവാം രക്തസമ്മര്‍ദ്ദം കൂടിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ശ്രീനിവാസന്റെ ഇളയ മകന്‍ ധ്യാന്‍ ചന്ദ് സ്ഥലെത്തെത്തിയിട്ടുണ്ട്. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട ബന്ധുക്കളെ കൂടാതെ നടന്മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരും സ്ഥലത്തുണ്ട്. ആശുപത്രി വൃത്തങ്ങള്‍ പറയുന്നതില്‍ നിന്ന് വിരുദ്ധമായി ശ്രീനിവാസന്‍ വെന്റിലേററ്റില്‍ അല്ലെന്നാണ് ബന്ധുക്കള്‍ പ്രതികരിച്ചത്.

ഇന്ന് രാവിലെ ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദനയും ശാരീരിക അവശതയുമുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിശദ പരിശോധനയ്ക്ക് വിധേയനാക്കി.

ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ട്‌ക്കെട്ടില്‍ പിറന്ന ഞാന്‍ പ്രകാശന്‍ തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണിപ്പോള്‍. ഫഹദ് ഫാസില്‍, നിഖിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന് പുറമെ ചില ചിത്രങ്ങളിലും ശ്രീനിവാസന്‍ വേഷമിട്ടു. അതിന്റെ ഡബ്ബിംഗിനായാണ് ലാല്‍ മീഡിയയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനിടെ നിയമപ്രശ്‌നങ്ങളും ശ്രീനിവാസനെ തേടിയെത്തി. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടായിരുന്നു അത്. പരാതി കോടതിയില്‍ എത്തിയതോടെ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയില്‍ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞവര്‍ഷം ജനുവരിയിലും കുഴഞ്ഞുവീണ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് താരം ആശുപത്രി വിട്ടത്. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ ആക്കിയതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ പിന്നീട് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതോടെയാണ് കുഴഞ്ഞുവീണതെന്ന് സ്ഥിരീകരിച്ചു.

Read more topics: # actor sreenivasan,# hospitalized
actor sreenivasan hospital report

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES