മലയാളത്തിന്റെ പ്രിയ സംവിധായകന് സിദ്ദിഖിന്റെ ഓര്‍മ്മ പങ്കുവെച്ച് തമിഴ് നടന് പ്രസന്ന. മികവുറ്റ സംവിധായകനും അതിനേക്കാളുപരി നല്ല മനുഷ്യനുമാണ് അദ്ദേഹമെന്ന് പ്രസന്ന പറഞ്ഞു. വിജയ്, സൂര്യ, വിജയകാന്ത് തുടങ്ങുന്ന താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്ത ശേഷമാണ് അദ്ദേഹം തന്നോടൊപ്പം സാധു മിറാന്‍ഡ ചെയ്യാന്‍ തീരുമാനിച്ചത്. ആ സമയം തന്നെ ചിത്രത്തില്‍ കാസ്റ്റ് ചെയ്യുന്നതില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ അദ്ദേഹം തന്റെ തീരുമാനം മാറ്റാതെ തന്നോടൊപ്പം തന്നെ ആ ചിത്രം ചെയ്തുവെന്ന് പ്രസന്ന സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
'സിദ്ദിഖ് സാറിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്. മികച്ച സംവിധായകനും അതിനേക്കാളുപരി അത്ഭുതപ്പെടുത്തുന്ന മനുഷ്യനുമാണ് അദ്ദേഹം. വിജയ്, സൂര്യ, വിജയകാന്ത് എന്നീ വമ്പന്‍ താരങ്ങളോടൊപ്പം സിനിമ ചെയ്ത ശേഷം അടുത്ത ചിത്രത്തില്‍ എന്നെ കാസ്റ്റ് ചെയ്യുന്നതിനെ പലരും എതിര്‍ത്തു. എന്നാല്‍ അദ്ദേഹം എനിക്ക് തന്ന വാക്കില്‍ ഉറച്ചുനിന്നു. അദ്ദേഹത്തെ ഞാന്‍ ഏറെ മിസ്സ് ചെയ്യും,' പ്രസന്ന കുറിച്ചു.
സിദ്ദിഖുമൊത്തുള്ള ഓര്‍മ്മകളും പ്രസന്ന പങ്കുവെച്ചു. സാധു മിറാന്‍ഡ, അഞ്ജാതേ എന്നീ ചിത്രങ്ങള്‍ ഒരേസമയമാണ് ചിത്രീകരിച്ചിരുന്നത്. ആ സമയം താന്‍ വളരെ ക്ഷീണിതനായിരുന്നു. തന്റെ അവസ്ഥ മനസ്സിലാക്കിയ സിദ്ദിഖ് സാധു മിറാന്‍ഡയുടെ ഷൂട്ടിംഗ് മാറ്റിവെച്ചുവെന്നും പ്രസന്ന കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രിയാണ് സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.