നടി തൃഷയ്ക്കെതിരായ അപകീര്‍ത്തികരവും ലൈംഗികചുവയുള്ളതുമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ചെന്നൈ പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയുള്ള വകുപ്പ് ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍. ദേശീയ വനിതാ കമ്മിഷന്‍ വിഷയത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. മന്‍സൂറിന് നോട്ടീസ് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു അഭിമുഖത്തിലായിരുന്നു മന്‍സൂര്‍ അലിഖാന്റെ അപകീര്‍ത്തികരമായ പരാമര്‍ശം. തൃഷയ്ക്കൊപ്പം ലിയോയില്‍ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് താന്‍ കരുതി. പഴയ സിനിമകളില്‍ ബലാത്സംഗ സീനുകള്‍ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാല്‍ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റില്‍ തൃഷയെ അവര്‍ കാണിച്ചില്ലെന്നായിരുന്നു നടന്‍ പറഞ്ഞത്.
മന്‍സൂര്‍ അലി ഖാന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തൃഷ വിഷയത്തില്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വെറുപ്പുളവാക്കുന്ന രീതിയില്‍ മന്‍സൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. ഗായിക ചിന്‍മയി, നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു തുടങ്ങിയവരും തൃഷയെ പിന്തുണച്ച് നടനെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മന്‍സൂര്‍ അലി ഖാന്‍. തന്റെ വാക്കുകളെ വളച്ചൊടിച്ച് തെറ്റായ വ്യാഖ്യാനം നല്‍കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് നടന്റെ വാദം. ഒരു തമാശരൂപത്തില്‍ പറഞ്ഞ കാര്യങ്ങളെ തന്റെ അടുത്ത ചിത്രം ഒപ്പം രാഷ്ട്രീയ പ്രവേശനം എന്നിവയുമായി ചേര്‍ത്ത് അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് നടന്‍ പറയുന്നത്. തൃഷയെ കുറിച്ച് മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പ്രതികരിച്ചിരുന്നു.