തമിഴ്‌പോലെ തന്നെ മലയാളത്തിലും ഏറെ പരിചിതയായ നടിയാണ് കസ്തൂരി. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയിലൂടെയാണ് നടി മലയാളത്തിൽ അറിയപ്പെട്ട് തുടങ്ങിയത്. പിന്നീട് ശ്രീനിവാസൻ മുകേഷ് ഉൾപ്പടെയുള്ളവരുടെ നായികയായി ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളിക്ക് മുന്നിലെത്തി. സിനിമരംഗത്തെ ഏറ്റവും ബോൾഡായ നടിമാരിൽ ഒരാളുകൂടിയാണ് കസ്തൂരി.
തന്റെ നിലപാടുകൾകൊണ്ട് താരത്തിന് ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വ്യക്തി ജീവിതത്തിൽ ഏവരും കൈയടിക്കേണ്ട ഒരാളാണ് കസ്തൂരിയെന്ന് തെളിയക്കപ്പെടുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കസ്തൂരി തന്റെ ജീവിതത്തിലെ ദുരനുഭവങ്ങൾ പറഞ്ഞത്. തന്റെ മകൾക്ക് പിടിപെട്ട അർബുദത്തെ കുറിച്ചും അതിൽ നിന്നും തരണം ചെയ്ത വഴികളെ കുറിച്ചും കസ്തൂരി വാചാലയായി.
കസ്തൂരി പറയുന്നു...
'എന്റെ മകൾക്ക് എന്തു കൊടുത്താലും അവൾ ഛർദിക്കും. എപ്പോഴും പനി വരും. ഒരിക്കൽ തൊണ്ടയിൽ ഇൻഫക്ഷൻ വന്ന സമയം ഞാൻ അവളെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി. മര്യാദയ്ക്ക് ആഹാരം കഴിച്ചാലല്ലേ ആരോഗ്യം ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് ഡോക്ടർ അവളെയൊന്ന് ഉപദേശിക്കണം എന്ന് പറഞ്ഞു. പിന്നീട് ഡോക്ടർ പറഞ്ഞ ടെസ്റ്റുകൾ നടത്തി. റിസൾട്ട് വന്നപ്പോൾ എന്റെ മകൾക്ക് ലുക്കീമിയ (രക്താർബുദം) ആണെന്ന് കണ്ടെത്തി. അന്ന് ഞാൻ ഒരു ഭ്രാന്തിയെ പോലെ അലറി, ഈ ആശുപത്രിയും ടെസ്റ്റ് റിസൾറ്റുമെല്ലാം തെറ്റാണെന്ന് അലറിക്കരഞ്ഞു.
മകൾ ഒന്നു കാലുതെറ്റി വീണാൽ പോലും കരയുന്ന എനിക്കിത് സഹിക്കാനായില്ല. ദിവസവും ഒരു പാത്രം ഗുളികകൾ അവൾക്ക് കഴിക്കണം. മകളെ രക്ഷിക്കാൻ എന്തു ചെയ്യുമെന്നായിരുന്നു ആലോചന. ഒരുപാട് ഡോക്ടർമാരെ കാണിച്ചു, പല വിദഗ്ദോപദേശങ്ങളും തേടി. ഒടുവിൽ അവർ പറഞ്ഞു സ്റ്റം സെൽ മാറ്റിവയ്കണം. പക്ഷെ, അങ്ങനെ ചെയ്താലും 50 ശതമാനം മാത്രമേ ആയുസ്സിന് ഉറപ്പുള്ളൂ. ഞാൻ തകർന്നുപോയി. ആ സമയം ഡോക്ടർ കൂടിയായ എന്റെ ഭർത്താവ് ഒരു തീരുമാനമെടുത്തു. ഇനി അഡ്വാൻസ് ട്രീറ്റ്മെന്റ് ഒന്നും വേണ്ട കാൻസർ ചികിത്സയ്ക്ക് ഒപ്പം ആയുർവേദവും പരീക്ഷിക്കാം.
പക്ഷെ, രോഗം എന്താണെന്നു അറിയുക പോലും ചെയ്യാതെ എന്റെ മകൾ ചികിത്സക്ക് പൂർണമായും സഹകരിച്ചു. പനിക്ക് മരുന്ന് കഴിക്കുന്നത് പോലെ ഗുളികകൾ കഴിച്ചു. കീമോതെറാപ്പി കാരണം മുടിയെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കണ്ട ഞാൻ ആരും കാണാതെ പൊട്ടിക്കരഞ്ഞു. അവളെ ചികിൽസിച്ച ആശുപത്രിയിൽ പലതരത്തിലുള്ള രോഗങ്ങളുമായി മല്ലിടുന്ന കുട്ടികളെ കണ്ടപ്പോൾ എന്റെ മകൾക്ക് മാത്രം എന്താ ഇങ്ങനെ എന്ന ചോദ്യം എന്നിൽ നിന്ന് മാറി. രണ്ടര വർഷത്തെ ചികിത്സയും 5 വർഷത്തെ ഒബ്സർവേഷനും കഴിഞ്ഞു നിങ്ങളുടെ മകളുടെ രോഗം മാറി എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങളുടെ കുടുംബത്തിന് പുനർജന്മം കിട്ടിയത് പോലെയായിരുന്നു.
അവളിന്നു ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. ചികിത്സയുടെ പാർശ്വഫലങ്ങൾ കൊണ്ട് അവളുടെ എല്ലുകൾ ശോഷിച്ചിരുന്നു. എങ്കിലും ഡാൻസ് പഠിക്കാനുള്ള ആഗ്രഹത്തിലാണ് അവൾ. നെവർ ഗിവ് അപ്പ് എന്നെന്നെ പഠിപ്പിച്ചത് അവളാണ്. ചികിത്സാ സമയത്തും അവളിൽ ഒരു ചിരി നിലനിന്നിരുന്നു. രോഗത്തിന്റെ വിവരങ്ങൾ അവളുടെ കൂട്ടുകാർക്ക് പോലുമറിയില്ല. അവളെ അനുകമ്പയോടെ മറ്റുള്ളവർ നോക്കുന്നത് എനിക്കിഷ്ട്ടമായിരുന്നില്ല.''