ഒരു സമയത്ത് മലയാളത്തിന്റെ മിന്നും താരമായിരുന്നു ജയന്‍. ചുരുക്കം സിനിമകളില്‍ അഭിനയിച്ച് വളരെ വേഗം അപകടത്തെ തുടര്‍ന്ന് മരിച്ച ജയന്‍ മലയാളത്തില്‍ സൃഷ്ടിച്ച ഓളമൊന്നും ഒരു നടനും ഇന്നും സാധിച്ചിട്ടില്ല. വേറിട്ട അവതരണവും സ്റ്റൈലുമൊക്കെ കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ജയന് സാധിച്ചിരുന്നു. സിനിമ ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടായ അപകടമായിരുന്നു നടന്റെ മരണത്തിന് കാരണമായത്.
ഹെലികോപ്റ്ററില്‍ നിന്ന് വീണ് മരണപ്പെട്ടതാണെന്നും അതല്ല ചിലര്‍ ചേര്‍ന്ന് നടനെ കൊലപ്പെടുത്തിയത് ആണെന്നും തുടങ്ങി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജയന്റെ മകന്‍ എന്നവകാശപ്പെടുന്ന മുരളി ജയന്‍ നടനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ജയന് ഒരു പ്രണയം ഉണ്ടായിരുന്നതിനെക്കുറിച്ചും ഈ കാരണത്താല്‍ അദ്ദേഹം കൊല്ലപ്പെട്ടതാകാന്‍ സാധ്യതയുണ്ടെന്നുമാണ് അടുത്തിടെ ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെ താരപുത്രന്‍ വെളിപ്പെടുത്തിയത്.
അച്ഛന്റെ മരണത്തില്‍ നടന്‍ എംജിആറിനെ സംശയമുണ്ടെന്നാണ് മുരളി പറയുന്നത്.
മുരളിയുടെ വാക്കുകള്‍ ഇങ്ങനെ:
ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന സിനിമയില്‍ ലത എന്ന് പറയുന്ന ഒരു നടി അഭിനയിച്ചിരുന്നു. എംജിആര്‍ ലത എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരും എന്റെ അച്ഛനും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്നതായിട്ടുമാണ് കഥകള്‍. ഈ നടിയുടെ ഒരു അഭിമുഖവും ഞാന്‍ കണ്ടിട്ടുണ്ട്. ജയന്‍ തന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. എംജിആറിന്റെ കാമുകി എന്നാണ് അക്കാലത്ത് അവരെപ്പറ്റി മറ്റ് ചിലര്‍ പറഞ്ഞിരുന്നത്. ജയന്‍ ആണെങ്കില്‍ മലയാള സിനിമയിലെ അന്നത്തെ സൂപ്പര്‍താരമാണ്. മറ്റൊരാളുടെ കാമുകി എന്ന് അറിയപ്പെടുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ മാത്രം അധ:പതിച്ച വ്യക്തിയായിരുന്നില്ല ജയന്‍. പക്ഷേ ഒരു പ്രണയം ഉണ്ടായിരിക്കാം. അതിനെപ്പറ്റി തനിക്കറിയില്ലെന്ന് മുരളി പറയുന്നു. ഇവര്‍ പ്രണയത്തില്‍ ആണെന്ന് കഥ പ്രചരിച്ചതോടെ അച്ഛന്‍ തമിഴ്നാട്ടിലേക്ക് പോയപ്പോള്‍ എംജിആറിന്റെ ഗുണ്ടകള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായി ഞാന്‍ കേട്ടിട്ടുണ്ട്. പ്രേം നസീര്‍ സാറും ജോസ് പ്രകാശുമൊക്കെ ജയന്‍ അങ്ങനൊരു വ്യക്തിയല്ല നല്ല ആളാണെന്ന് പറഞ്ഞെങ്കിലും ജയന്‍ തമിഴ്നാട്ടില്‍ വന്നാല്‍ അടിക്കും കൊല്ലും എന്നൊക്കെ പറഞ്ഞു ഭീഷണിപെടുത്തി. അതില്‍ എനിക്കൊരു സംശയം ഉണ്ട്.
അയാളുടെ ആളുകള്‍ എന്തെങ്കിലും പണി കൊടുത്തതാണോ എന്നാണ് സംശയം. അവരുടെ നാട്ടില്‍ വച്ച് ആണല്ലോ സംഭവം ഉണ്ടാവുന്നത്. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല. ചിലപ്പോള്‍ ആശുപത്രിയില്‍ കയറി തലമണ്ട അടിച്ച് പൊട്ടിച്ചതുമാവാം. അന്ന് എംജിആറിന് അവിടെ വലിയ സ്വാധീനമാണ് ഉള്ളത്. ഇതൊക്കെ വെറും സംശയം മാത്രമാണ്. അന്വേഷിച്ചാല്‍ ചിലപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിച്ചേക്കാം. പക്ഷേ ആ ആളുകളെല്ലാം മരിച്ചുപോയെന്നും മുരളി പറയുന്നു. പിന്നെ ഹെലികോപ്ടറിന്റെ ലീഫ് വന്ന് ഇടിച്ചുവെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ അവിടെ ആ ഭാഗം ഉണ്ടാവുമോ? എല്ലാം തെറിച്ച് പോയിട്ടുണ്ടാവില്ലേ... അച്ഛന്റെ ഒരു കണ്ണ് പുറത്തേക്ക് തള്ളി വന്നിരുന്നു. അന്ന് അപകടം സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ മരണം അപകടമാണെന്ന് വിശ്വാസമില്ല. അദ്ദേഹത്തെ ആരോ കൊന്നതാണെന്നും മകന്‍ പറയുന്നു. ശ്രീകുമാരന്‍ തമ്പിയെ പോലുള്ളവര്‍ കുറെ കാലമായി പറയുന്നത് അദ്ദേഹം ഒരു എയര്‍ഹോസ്റ്റസിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ്. 1980 ല്‍ മരിച്ചില്ലായിരുന്നെങ്കില്‍ 81 ല്‍ ജയന്‍ എയര്‍ ഹോസ്റ്റസിനെ വിവഹം കഴിച്ചേനെ എന്ന് പറയുന്നത് തെറ്റാണ്... മലയാള സിനിമയില്‍ പേരുദോഷം കേള്‍പ്പിക്കാത്ത ഒരേയൊരു നടന്‍ ജയനാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു നടിമാരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. നുള്ളി, പിച്ചി ഉപദ്രവിച്ചു, എന്നൊന്നും പേരുദോഷം കേള്‍പ്പിച്ചിട്ടില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ എന്റെ അച്ഛന്‍ ജയന്‍ ആണെന്ന് അറിയാമായിരുന്നു. വെള്ളിയാഴ്ചകളില്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ അമ്മ എന്നെ കൊണ്ടുപോയി കാണിക്കുമായിരുന്നു. റോഡ് സൈഡിലൊക്കെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചത് കാണുമ്പോള്‍, 'ദേനിന്റെ അച്ഛന്റെ സിനിമ ആണെന്ന'് പറഞ്ഞു അമ്മ കാണിച്ചു തരുമായിരുന്നു. അച്ഛനൊപ്പം താമസിക്കാത്തതുകൊണ്ട് അത്തരമൊരു ബന്ധമൊന്നും തോന്നിയിട്ടില്ല.
മൂന്നുതവണ അച്ഛനെ നേരില്‍ കണ്ടിട്ടുണ്ട്. ആദ്യം കാണുന്നത് അച്ഛന്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാറില്‍ വരുന്നതാണ്. ചുവപ്പുനിറമുള്ള ടീഷര്‍ട്ട് ഒക്കെ ധരിച്ച് കാറിന്റെ നടുവില്‍ ഇരിക്കുകയാണ്. ആ മുഖം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അച്ഛന്റെ കൂടെ വളരുമ്പോള്‍ ആണല്ലോ നമുക്ക് അച്ഛാ എന്ന് വിളിച്ചു ഓടി ചെല്ലാന്‍ പറ്റുകയുള്ളൂ. എന്റെ രണ്ടു വയസ്സ് വരെ അച്ഛന്റെ വീട്ടിലാണ് താമസിച്ചതെങ്കിലും പിന്നെ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. അമ്മ കൊന്നാലും അച്ഛന്റെ അടുത്ത് പോകാനോ അദ്ദേഹത്തിന് എന്നെ കൊടുക്കാനോ സമ്മതിച്ചില്ല.
അന്ന് അച്ഛന്റെ ഡ്രൈവറായിട്ടുണ്ടായിരുന്ന ആള് അദ്ദേഹത്തിനൊപ്പം എന്നെ കൊടുത്തു വിടാന്‍ പറഞ്ഞിരുന്നു. ഒന്ന് കണ്ടിട്ട് ഉത്തരവാദിത്തത്തോടെ തിരിച്ചു കൊണ്ടു വിടാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അങ്ങനെ കൊണ്ടുപോയാല്‍ എന്റെ മകനെ തിരിച്ചു കിട്ടില്ലെന്നാണ് അമ്മ കരുതിയത്. അതുകൊണ്ട് സമ്മതിച്ചില്ല.
അച്ഛന്‍ മരിച്ച സമയത്ത് അമ്മ പോയി കണ്ടിരുന്നു. എന്നെ കൊണ്ടുപോയില്ല. അന്ന് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. നിന്നെ ഞാന്‍ കൊണ്ടുപോയി കാണിച്ചു തരാം എന്ന് പറഞ്ഞ് വീടിനടുത്തുള്ള ഒരു ചേച്ചിയാണ് എന്നെയും കൂട്ടി പോകുന്നത്. അച്ഛന്‍ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ മൂന്നാലു മണിക്കൂറോളം ക്യൂ നിന്നതിനു ശേഷമാണ് കാണാന്‍ സാധിച്ചത്.
അത്രയും തിരക്കും ബഹളവുമായിരുന്നെങ്കിലും ഒരു ഡെസ്‌കിന് മുകളില്‍ കയറിയിരുന്ന് ഞാന്‍ അച്ഛനെ കണ്ടു. അദ്ദേഹത്തിന്റെ ഒരു കണ്ണ് ഇല്ലായിരുന്നു. മുഖമൊക്കെ കറുത്ത് നീലിച്ചിരുന്നു. അടക്ക് കഴിഞ്ഞ പിറ്റേദിവസം സ്മശാനത്തില്‍ പോയി ചാരമായ ശേഷം അവിടെനിന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചുനേരം അവിടെ നിന്നതിനു ശേഷമാണ് ഞങ്ങള്‍ തിരികെ പോകുന്നത്.
അതൊരു അപകടം മരണമാണെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. മുന്‍പൊക്കെ അങ്ങനെ വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു വിശ്വാസമില്ല. കോളിളക്കം എന്ന സിനിമയുടെ സംവിധായകനും അസിസ്റ്റന്റ് സംവിധായകനുമടക്കം അതില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരൊക്കെ പല അഭിമുഖങ്ങളിലൂടെയും പറയുന്നത് പച്ചക്കള്ളമാണ്.
ഒരാള് പറയുന്നതല്ല മറ്റൊരാള്‍ പറയുന്നത്. രണ്ടുപേര്‍ നില്‍ക്കുന്നിടത്ത് ഒരു അപകടം സംഭവിച്ചാല്‍ അവരുടെ കണ്ണില്‍ കണ്ട കാര്യങ്ങളാണ് രണ്ടാളും പറയുക. എന്നാല്‍ അച്ഛനൊപ്പം അപകട സംഭവിച്ച സ്ഥലത്ത് ഉണ്ടായിരുന്നവരൊക്കെ പറയുന്നത് പലതരത്തിലാണ്.
അച്ഛന് അപകടം ഉണ്ടാവുന്ന സ്ഥലത്ത് വാഹനം ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നുണ്ട്. അതും പച്ചക്കള്ളമാണ്. കാരണം സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് മധുസാര്‍ വരുന്ന ലോറിയും ബാലന്‍ കെ നായര്‍ സാറിന്റെ കോണ്ടസ കാറുമൊക്കെ ഉണ്ടായിരുന്നു. അതുപോലെ നാലഞ്ച് ബൈക്കും ജീപ്പും ഒക്കെ ഉണ്ട്. ഇത്രയും വാഹനങ്ങള്‍ അവിടെ ഉണ്ടായിട്ടാണ് അവര്‍ ഒന്നുമില്ലെന്ന് പറയുന്നത്.
കുഞ്ഞിലെ മുതല് പറഞ്ഞു കേട്ടത് അപകടമരണം എന്നാണ്. ഈയിടെ അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടി. അതിലുള്ളതും കള്ളമാണ്. സാധാരണക്കാരനായ ഒരാള്‍ മരിച്ച പോലും അതിനകത്ത് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തും. പക്ഷേ അച്ഛന്റെ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത് മൊത്തം തെറ്റാണ്. മാത്രമല്ല മരണകാരണം പോലും അതില്‍ ഇല്ല. ലോകം മുഴുവനുള്ള മലയാളികള്‍ക്ക് അറിയാവുന്ന ഒരു സൂപ്പര്‍താരത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇങ്ങനെ ആയത് എങ്ങനെയാണെന്നാണ്', മകന്‍ ചോദിക്കുന്നത്യ