റിയലിസ്റ്റിക് പോലീസ് ഓഫീസറുടെ ജീവിതം പകര്‍ത്തിയ ആക്ഷന്‍ ഹീറോ ബിജു മികച്ച ഒരു വിജയം കൈവരിച്ച മലയാള ചലച്ചിത്രമാണ്. എബ്രിഡ് ഷൈന്‍ - നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഉള്ള ഒരു ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. രണ്ടാം ഭാഗത്തിലേക്ക് ഉള്ള അഭിനേതാക്കളെ കണ്ടുപിടിക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിനായുള്ള ഒരു ഓപ്പണ്‍ ഓഡിഷന്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. ആദ്യഭാഗത്തിലൂടെ നിരവധി കലാകാരന്മാരാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. അതില്‍ പലരും ഇന്ന് തിരക്കേറിയ അഭിനേതാക്കളാണ്.
വ്യത്യസ്തവും കൗതുകവും നിറഞ്ഞ ഒരു പുതിയ കാസ്റ്റിംഗ് കോള്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. കാസ്റ്റിംഗ് കോളിന്റെ വിവരങ്ങള്‍ നിവിന്‍ പോളിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'വെള്ളിവെളിച്ചത്തില്‍ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവര്‍ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെടുക' എന്നാണ് കാസ്റ്റിംഗ് കോളില്‍ അറിയിച്ചിരിക്കുന്നത്. അതിനു ചുവടെ ബിജു പൗലോസിന്റെ ഒപ്പും പതിപ്പിച്ചിട്ടുണ്ട്. ഇരുപതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ [email protected] എന്ന മെയില്‍ ഐഡിയിലും ഇരുപതിനും അന്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ [email protected] എന്ന മെയില്‍ ഐഡിയിലുമാണ് വിവരങ്ങള്‍ പങ്ക് വെക്കേണ്ടത്.