നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസത്തെ തടവും 5000 രൂപ പിഴയും വിധിച്ച് എഗ്മോര്‍ കോടതി. ചെന്നൈയില്‍ ജയപ്രദയുടെ ഉടമസ്ഥതതയില്‍ ഉള്ള സിനിമ തീയറ്ററിലെ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടച്ചില്ലെന്ന കേസിലാണ് വിധി.
അണ്ണാശാലയിലാണ് സിനിമ തീയറ്റര്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ഇഎസ്‌ഐ അടക്കാന്‍ സ്ഥാപന ഉടമ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ജീവനക്കാരാണ് പരാതി നല്‍കിയത്. ജീവനക്കാരുടെ വിഹിതം പിരിച്ചെടുത്തിട്ടും ഇഎസ്‌ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.
അതേസമയം പരാതിക്കെതിരെ ജയപ്രദ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി തന്നെ കേസില്‍ വിധി പറയട്ടെയെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മോഹന്‍ലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ 'ദേവദൂതനി'ലും 'പ്രണയ'ത്തിലും പ്രധാന വേഷത്തില്‍ ജയപ്രദ എത്തിയിരുന്നു. മലയാളത്തില്‍ 'കിണര്‍' എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്.
തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1994ല്‍ പാര്‍ട്ടിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭാഗമായിരുന്നു നടി. പിന്നീട് സമാജ്വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കും എത്തി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയപ്രദ പിന്നീട് പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് രാഷ്ട്രീ ലോക് മഞ്ചില്‍ ചേര്‍ന്ന ജയപ്രദ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ല. 2019ല്‍ നടി ജയപ്രദ ബിജെപിയില്‍ ചേരുകയും ചെയ്തു.