വിജയ് സേതുപതിയും കങ്കണ റണൗട്ടും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമൊരുക്കാന്‍ വിപിന്‍ദാസ്. ജയജയജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകന്‍ ആയ വിപിന്‍ദാസ് സസ് പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.
രാഘവ ലോറന്‍സിനൊപ്പം ചന്ദ്രമുഖി 2 എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് കങ്കണ. വിടുതലൈ 2 എന്ന ചിത്രത്തിലാണ് വിജയ് സേതുപതി. മഹാരാജ് എന്ന ചിത്രവും തമിഴില്‍ ഒരുങ്ങുന്നുണ്ട്. സെപ്തംബര്‍ 7ന് റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ പ്രതിനായക വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കത്രീന കൈഫിന്റെ നായകനായി എത്തുന്ന മേരി ക്രിസ്മസ് ഡിസംബര്‍ 15ന് റിലീസ് ചെയ്യും.
ഗാന്ധി ടോക്‌സ് എന്ന ചിത്രവും ഹിന്ദിയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം ജയജയജയ ജയഹേയ്ക്കുശേഷം പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം വിപിന്‍ദാസ് ആരംഭിച്ചിരുന്നു. പൃഥ്വിരാജിന് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് നിറുത്തിവയ്ക്കുകയായിരുന്നു. നാലുമാസം പൃഥ്വിരാജിന് ഡോക്ടമാര്‍ വിശ്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഗോകുല്‍ സുരേഷിനെ നായകനാക്കിയ മുദ്ദുഗൗ എന്ന ചിത്രം ഒരുക്കിയാണ് വിപിന്‍ദാസ് സംവിധായകനാവുന്നത്. സൈജു കുറുപ്പും പ്രിയങ്ക നായരും പ്രധാന വേഷങ്ങളില്‍ എത്തിയ അന്താക്ഷരിയാണ് രണ്ടാമത്തെ ചിത്രം. പോയവര്‍ഷം ബോക്‌സ് ഓഫീസില്‍ പണംവാരിയ ജയ ജയ ജയ ജയഹേയില്‍ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.