2024-ലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര' അന്നൌണ്‌സ്മെന്റ് മുതലേ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള എന്റര്‍ടൈനറില്‍ ബോളിവുഡ് താരം സൈഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൈഫ് അലി ഖാന്റെ പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹം അവതരിപ്പിക്കുന്ന 'ഭൈര' എന്ന കഥാപാത്രത്തെ ചിത്രത്തിലെ നായകനായ ജൂനിയര്‍ എന്‍ടിആര്‍ ഫാന്‍സിന്റെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
പുറത്തുവിട്ട പോസ്റ്ററില്‍ ഒരു പുഴയുടെയും മലനിരകളുടെയും പശ്ചാത്തലത്തില്‍ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സൈഫ് അലി ഖയെ കാണാം. കൗതുകമുണര്‍ത്തുന്ന ഈ പോസ്റ്റര്‍ 'ദേവര' ഫാന്‍സിന് ഒരു വിരുന്നുതന്നെയാണ്. സൈഫ് അലി ഖാന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ട് ജൂനിയര്‍ എന്‍ടിആര്‍ താരത്തിന് പിറന്നാളാശംസകള്‍ അര്‍പ്പിച്ചു.
യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര 2024 ഏപ്രില്‍ 5-നാണ് റിലീസ് ചെയ്യുക. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്‌നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ചിത്രത്തിലെ നായികയായ ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. പി.ആര്‍.ഒ ആതിരദില്‍ജിത്ത്