Latest News

ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി 'രുധിരം' ടീസര്‍ പുറത്ത്; രാജ് ബി. ഷെട്ടിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ റിലീസിനൊരുങ്ങുന്നു

Malayalilife
 ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി 'രുധിരം' ടീസര്‍ പുറത്ത്; രാജ് ബി. ഷെട്ടിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബര്‍ റിലീസിനൊരുങ്ങുന്നു

നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് 'രുധിരം' ടീസര്‍ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ്  'രുധിരം'. മികവാര്‍ന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസര്‍ ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. 

നവാഗതനായ ജിഷോ ലോണ്‍ ആന്റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്. 'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. 

ഒരു സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ടയാളാണ്. മലയാളത്തില്‍ 'ടര്‍ബോ'യിലും 'കൊണ്ടലി'ലും അദ്ദേഹം മികച്ച വേഷങ്ങളില്‍ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന 'രുധിരം' മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട് ടീസര്‍. 

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി  പരസ്യചിത്രങ്ങളും, പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് ആയി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്തിട്ടുള്ള പരിചയവുമായിട്ടാണ്  തന്റെ ആദ്യ ചിത്രം ഒരുക്കുന്നത്. 

'രുധിര'ത്തിന്റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്‌സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, കോ -റെറ്റര്‍  ജോസഫ് കിരണ്‍ ജോര്‍ജ് .ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍: എഎസ്ആര്‍, ആക്ഷന്‍: റോബിന്‍ ടോം, ചേതന്‍ ഡിസൂസ, റണ്‍ രവി, ചീഫ് അസോ.ഡയറക്ടര്‍: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടര്‍: ജോമോന്‍ കെ ജോസഫ്, വിഷ്വല്‍ പ്രൊമോഷന്‍: ഡോണ്‍ മാക്‌സ്, കാസ്റ്റിങ് ഡയറക്ടര്‍: അലന്‍ പ്രാക്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ശ്രുതി ലാലന്‍, നിധി ലാലന്‍, വിന്‍സെന്റ് ആലപ്പാട്ട്, സ്റ്റില്‍സ്: റെനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, പോസ്റ്റ് പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍: ബാലു നാരായണന്‍, കളറിസ്റ്റ്: ബിലാല്‍ റഷീദ്, വിഎഫ്എക്‌സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പി, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ: പ്രതീഷ് ശേഖര്‍.

RUDHIRAM TEASER Raj B Shetty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക