മലയാളികൾ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന പ്രണയ ഗാനങ്ങളുടെയും ലളിത ഗാനങ്ങളുടെയും ശിൽപി പൂവച്ചൽ ഖാദർ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി രാത്രി 12.15ന് ആയിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്‌കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ.
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഗാനങ്ങളുടെ ശിൽപിയാണ് പൂവച്ചൽ ഖാദർ. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. 1948 ഡിസംബർ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കർ. മാതാവ് റാബിയത്തുൽ അദബിയ ബീവി. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി. പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു. ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...' (ചാമരം), 'ഏതോ ജന്മ കൽപനയിൽ...' (പാളങ്ങൾ), 'അനുരാഗിണി ഇതായെൻ...' (ഒരു കുടക്കീഴിൽ), 'ശരറാന്തൽ തിരിതാഴും...' (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. 'മൗനമേ നിറയും മൗനമേ...' (തകര), 'സിന്ദൂര സന്ധ്യയ്ക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിൻ മിഴികൾ...' (ബെൽറ്റ് മത്തായി), 'മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു...' (കാറ്റുവിതച്ചവൻ), 'നാണമാവുന്നു മേനി നോവുന്നു...' (ആട്ടക്കലാശം), 'എന്റെ ജന്മം നീയെടുത്തു...'(ഇതാ ഒരു ധിക്കാരി), 'ഇത്തിരി നാണം പെണ്ണിന് കവിളിൽ...' (തമ്മിൽ തമ്മിൽ), 'ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ...' (കായലും കയറും), 'നീയെന്റെ പ്രാർത്ഥനകേട്ടു...' (കാറ്റു വിതച്ചവൻ), 'കിളിയേ കിളിയേ...' (ആ രാത്രി), 'പൂമാനമേ ഒരു രാഗമേഘം താ...' (നിറക്കൂട്ട്), 'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ....' (താളവട്ടം), 'മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ....' (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളിൽ ചിലതുമാത്രമാണ്.
സ്‌കൂളിൽ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയിൽ കവിതയെഴുതിയാണ് തുടക്കം. 1972ലാണ് സിനിമയ്ക്ക് പാട്ടെഴുതുന്നത്. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ 'കവിത' എന്ന സിനിമയ്ക്കു പാട്ടെഴുതിയാണ് തുടക്കം. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു.