തുടക്കം കാല്‍മുട്ടിലെ ചെറിയ വേദന; കാല്‍ മുറിച്ചിട്ടും കാന്‍സര്‍ പിന്‍വാങ്ങിയില്ല; കൈകളെയും കരളിനെയും കവര്‍ന്നു ഒടുവില്‍ അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി; നന്ദു മഹാദേവ എന്ന കാന്‍സര്‍ പോരാളിയുടെ കഥ

Malayalilife
തുടക്കം കാല്‍മുട്ടിലെ ചെറിയ വേദന; കാല്‍ മുറിച്ചിട്ടും കാന്‍സര്‍ പിന്‍വാങ്ങിയില്ല; കൈകളെയും കരളിനെയും കവര്‍ന്നു ഒടുവില്‍ അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി; നന്ദു മഹാദേവ എന്ന കാന്‍സര്‍ പോരാളിയുടെ കഥ

കാന്‍സറുമായി പോരാടുന്നവര്‍ക്ക് ശരിക്കും ഒരു പോസിറ്റീവ് എനര്‍ജിയായിരുന്നു നന്ദു മഹാദേവ. കാന്‍സര്‍ പോരാളികള്‍ക്കു മാത്രമല്ല, ജീവിതത്തില്‍ തളര്‍ന്നിരിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമായിരുന്നു നന്ദു. തളര്‍ന്നിരിക്കുന്നവര്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്‍കും. അതുതന്നെയാണ് നന്ദുവിന്റെ ഓരോ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും നിറഞ്ഞിരുന്നത്. ആ പോസിറ്റീവ് എനര്‍ജിയേയും കരുത്തുറ്റ പോരാളിയേയുമാണ് നമുക്കിന്ന് നഷ്ടമായത്.

പഠനകാലത്തെ സ്വപ്‌നങ്ങള്‍ സ്വന്തമാക്കാനുള്ള കുതിപ്പിനിടെ, 24-ാം വയസിലാണ് നന്ദുവിനെ കാന്‍സര്‍ പിടിമുറുക്കുന്നത്. നന്ദുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, തന്റെ അനുവാദമില്ലാതെ തന്നെ പ്രണയിക്കാനെത്തിയ വിഐപി കാമുകി.

തിരുവനന്തപുരം ഭരതന്നൂരില്‍ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബമായിരുന്നു നന്ദുവിന്റേത്. 24-ാം വയസ്സില്‍ ഡിസ്റ്റന്റായി ബിബിഎയും സ്വന്തമായി ഒരു കാറ്ററിങ് യൂണിറ്റും തുടങ്ങിയ സമയത്താണ് കാന്‍സര്‍ എന്ന ഒരു വിളിക്കാത്ത അതിഥി രംഗപ്രവേശം ചെയ്യുന്നത്. പക്ഷേ ഒരുപാട് നാള്‍ ഇക്കാര്യം മനസ്സിലായില്ല.

തുടക്കം കാലിന്റെ മുട്ടിനുള്ളില്‍ ഒരു ചെറിയ വേദനയില്‍ ആയിരുന്നു. വളരെ ചെറിയ വേദന. പക്ഷേ പിന്നീട് വേദനയുടെ തോത് വളരെ വേഗം കൂടി. ഒടുവില്‍ സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. ആദ്യം ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഇത് നിസ്സാരപ്രശ്‌നമാണ്, നീര് കെട്ടിയതാണെന്ന്. അങ്ങനെ വീണ്ടും ഒത്തിരി നാള്‍ മുന്നോട്ട് പോയി ഒടുവില്‍ വേദന സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പോയി. സ്‌കാന്‍ ചെയ്തപ്പോള്‍ ആണ് അറിഞ്ഞത് തുടയെല്ലില്‍ ട്യൂമര്‍ ആണെന്ന്.

ട്യൂമര്‍ ആണെന്ന് കണ്ടെത്തിയത് മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ആയിരുന്ന ഡോ. സുന്ദര്‍രാജ്  ആണ്. എംആര്‍ഐ എടുത്ത ശേഷം ബയോപ്‌സി ചെയ്യാനായി പട്ടം എസ്യുടി ആശുപത്രിയിലെ ഡോ. സുബിന്റെ അടുത്തേക്ക് വിട്ടു. അവിടെ നിന്നും ആര്‍സിസിയിലെ ഡോ. ശ്രീജിത്തിന്റെ അടുത്തേക്കും. അതിനു ശേഷം പിന്നെ എല്ലാം വളരെ വേഗത്തില്‍ ആയിരുന്നു. നൂറുകണക്കിന് ടെസ്റ്റുകള്‍, സ്‌കാനിങ്ങുകള്‍ ഒക്കെ നടത്തി. ഒടുവില്‍ ഓസ്റ്റിയോ സര്‍ക്കോമ ഹൈ ഗ്രേഡ് ആണെന്ന് കണ്ടെത്തി.

ആറ് കീമോയും സര്‍ജറിയും വേണമെന്നു പറഞ്ഞു. നാലു കീമോ കഴിഞ്ഞ ശേഷം കാലിലെ ട്യൂമര്‍ എടുത്തുകളഞ്ഞ് അവിടെ ടൈറ്റാനിയം റോഡ് വച്ചു സര്‍ജറി ചെയ്യുമെന്നാണ് പറഞ്ഞത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആദ്യത്തെ കീമോ കഴിഞ്ഞപ്പോള്‍ തന്നെ ട്യൂമര്‍ വല്ലാതെ വലുതാകുകയും വേദന ക്രമാതീതമായി ഉയരുകയും ഒപ്പം അസ്ഥികള്‍ തനിയെ പൊട്ടി പൊട്ടി പോകുകയും ചെയ്തു. പച്ചയായ എല്ലുകള്‍ നുറുങ്ങുന്ന അവസ്ഥയായിരുന്നു അത്.

കാന്‍സര്‍ പല തരത്തിലുള്ളവയുണ്ട്, വേദനയുള്ളതും വേദന തീരെയില്ലാത്തതും. ഇതില്‍ ഏറ്റവും വേദനകൂടിയ ഒന്നാണ് ഓസ്റ്റിയോ സര്‍ക്കോമ. മാസങ്ങളോളം ഞാന്‍ ഒന്ന് തിരിയാനോ മറിയാനോ കഴിയാതെ ഒറ്റക്കിടപ്പില്‍ ആയിരുന്നു. കിടന്നു കിടന്ന് ശരീരത്തിന്റെ പിന്‍ ഭാഗത്തെ തൊലി മുഴുവന്‍ ഇളകിപ്പോയി. ഒന്നുറങ്ങാന്‍ വേണ്ടി കൊതിച്ചിരുന്നു. മാസങ്ങളോളം ഉറക്കം എന്റെ മിഴികള്‍ക്ക് അന്യമായിരുന്നു. ഒപ്പം അമ്മയുടെയും അച്ഛന്റെയും. കൂടാതെ എത്രയോ ദിവസം അനിയന്റെ തോളില്‍ പിടിച്ചുകൊണ്ട് നിന്ന് നേരം വെളുപ്പിച്ചിട്ടുണ്ട്.

ഫാന്‍ ഇടാന്‍ പോലും പറ്റാത്ത അവസ്ഥ. ആ കുഞ്ഞു കാറ്റടിക്കുമ്പോള്‍ വേദന ഇരച്ചു കയറും. ശരിക്കും ആ അവസ്ഥയെ വേദന എന്നു വിളിക്കാന്‍ പറ്റില്ല. ചൂടായി ചുവന്ന നിറത്തിലായ ലോഹം ശരീരത്തിനുള്ളില്‍ വയ്ക്കുമ്പോള്‍ എന്തു തോന്നും. അതായിരുന്നു അവസ്ഥ.

അസ്ഥികള്‍ തകര്‍ന്നുപോയതിനാല്‍ കാല്‍ മുറിച്ചു മാറ്റുക എന്ന തീരുമാനത്തിലേക്ക് പെട്ടെന്നൊരു ദിവസം എത്തുകയായിരുന്നു. അങ്ങനെ 6 മാസം മുമ്പ് കാല്‍ മുറിച്ചു മാറ്റി. അതിനുശേഷം അഞ്ച് കീമോ കൂടി പൂര്‍ത്തിയാക്കി. ഇതിനിടയ്ക്ക് ശ്വാസകോശത്തിലേക്ക് ചെറിയ ഒന്നു രണ്ടു കുത്തുകള്‍ ഇടാന്‍ കാന്‍സര്‍ ശ്രമിച്ചു.

ചുവന്ന രാക്ഷസി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഏറ്റവും ശക്തി കൂടിയ കീമോ മരുന്നാണ് എന്റെ ശരീരത്തില്‍ പ്രയോഗിച്ചത്. ശരീരം മുഴുവന്‍ വേദന സഹിക്കാന്‍ പറ്റില്ലായിരുന്നു. പലപ്പോഴും ശ്വാസം കിട്ടില്ലായിരുന്നു. ചുണ്ടും വായയും വയറിന്റെ ഉള്‍ഭാഗവും ഒക്കെ അടര്‍ന്നു തെറിച്ചു പോയി, ചിലസമയത്ത് പച്ചവെള്ളം പോലും ഇറക്കാന്‍ കഴിഞ്ഞില്ല. ഛര്‍ദി വരുമ്പോള്‍ കുടലു പോലും പുറത്തു വരും എന്ന് ചിലപ്പോള്‍ തോന്നി. ആ വയറുവേദന മാസങ്ങളോളം ഉണ്ടായിരുന്നു. കണ്‍പോളകള്‍ കൊഴിഞ്ഞുപോയ കാരണം കണ്ണടയ്ക്കാനും തുറക്കാനും പറ്റാതായി.

ഒടുവില്‍ കാന്‍സര്‍ കരളിനേയും ബാധിച്ചുവെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ കരഞ്ഞു തളര്‍ന്ന് ഇരുന്നില്ല നന്ദു. പകരം, ഏറെക്കാലമായി മനസില്‍ സൂക്ഷിച്ചിരുന്ന ഗോവന്‍ യാത്രയും നന്ദു നടത്തി. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ആ യാത്ര. ഇടവും വലവും കൂട്ടുകാര്‍ നിന്ന് നടത്തിയ ആ യാത്ര നന്ദുവിന് ഏറെ ധൈര്യം പകര്‍ന്നിരുന്നു. എന്നാല്‍ അതും അധികദിവസം നീണ്ടു നിന്നില്ല. യാത്രയൂടെ ആഹ്ലാദം തീരും മുമ്പ് തന്റെ കൈകളിലേക്കും കാന്‍സര്‍ പടരുന്നുവെന്ന വാര്‍ത്ത നന്ദു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

വലത് കൈയുടെയും ഇടത് കൈയുടെയും മസിലുകളില്‍ അത് ചിത്രം വര ആരംഭിച്ചു കഴിഞ്ഞുവെന്നാണ് നന്ദു പറഞ്ഞത്. അപ്പോഴും ആത്മവിശ്വാസവും ചുറ്റുമുള്ള ആളുകളുടെ വാക്കുകളും നന്ദുവിന് പ്രചോദനമായി.

ശരീരത്തിന്റെ പല അവസവങ്ങളിലേക്ക് കാന്‍സര്‍ പടരുമ്പോഴും ഇനിയൊന്നും ചെയ്യാനില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോഴും നിറഞ്ഞ ചിരിയോടെയാണ് നന്ദു മുന്നോട്ടു പോയത്. അങ്ങനെ കാന്‍സറിന്റെ മോളിക്യുലാര്‍ ടെസ്റ്റ് നടത്തി. റിസള്‍ട്ട് വന്നപ്പോള്‍ ശരിക്കും ഞെട്ടി. ഈ ഭൂമിയില്‍ കോടിക്കണക്കിന് കാന്‍സര്‍ രോഗികള്‍ ഉള്ളതില്‍ ഇങ്ങനെയൊരു വകഭേദം ആദ്യമായാണ് മെഡിക്കല്‍ സയന്‍സില്‍ രജിസ്‌റര്‍ ചെയ്യപ്പെട്ടത്.

അവസാനമായി ഏപ്രില്‍ മാസം 12നാണ് ആശുപത്രി വിടുന്നത്. തലേദിവസം പോലും ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന നന്ദു വീട്ടിലെത്തി അമ്മയ്‌ക്കൊപ്പം ഗുരുവായൂരപ്പന്റെ കീര്‍ത്തനം രണ്ടുവരി പാടി ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വിഷു ഈസ്റ്റര്‍, റംസാന്‍ ആശംസകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസങ്ങള്‍ക്കിപ്പുറം നന്ദുവിന്റെ മരണവാര്‍ത്തയാണ് ലോകം കേട്ടത്.

 

Nandhu mahadeva realistic life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES