ഇന്നലെയായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. ലക്ഷക്കണക്കിനു പേരാണ് താരരാജാവിന് ആശംസകളുമായി സോഷ്യല്‍ മീഡിയകളിലേക്ക് എത്തിയത്. സിനിമാ പ്രേമികളും ആരാധകരും സിനിമാ താരങ്ങളും മാത്രമല്ല, ചാനലുകള്‍ ഇന്നലെ സംപ്രേക്ഷണം ചെയ്തതു മുഴുവന്‍ ലാലേട്ടന് സിനിമകളായിരുന്നു.
നാട് മുഴുവന്‍ കോവിഡ് രണ്ടാം തരംഗത്താല്‍ നെട്ടോട്ടമോടുന്ന അവസ്ഥയില്‍ തന്റെ ജന്മദിനം ആഘോഷമാക്കാതെ നാടിനു കൈത്താങ്ങാവുകയായിരുന്നു മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരില്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യസഹായോപകരണങ്ങള്‍ മോഹന്‍ലാല്‍ ആശുപത്രികള്‍ക്ക് സംഭാവന ചെയ്തു.
ഓക്സിജന്‍ സപ്പോര്‍ട്ട് ഉള്ള ഇരുനൂറില്പരം കിടക്കകള്‍, പത്ത് ഐ.സി.യു. കിടക്കകള്‍, മൊബൈല്‍ എക്സ്-റേ മെഷീനുകള്‍ തുടങ്ങിയവ ഫൌണ്ടേഷന് സംഭാവന ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ട്രയേജ് വാര്‍ഡ് ഉള്‍പ്പെടെയുള്ള രണ്ടു വാര്‍ഡുകളില്‍ ഓക്സിജന്‍ പൈപ്പ്ലൈന് ഏര്‍പ്പെടുത്താനുള്ള സംവിധാനമൊരുക്കും.
സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലകളിലെ ആശുപത്രികളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ എംപാനല്‍ ചെയ്ത ആശുപത്രികളാണിവ. ഒന്നരക്കോടിയുടെ പദ്ധതി നടപ്പാക്കുന്നത് ഇ.വൈ, ജി.ഡി.എസ്., യു.എസ്.ടി. തുടങ്ങിയവയുമായി സഹകരിച്ചാണ്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിലെ ആശുപത്രികള്‍ക്ക് ഇതിന്റെ ഫലം ലഭിക്കും.
അതേസമയം കഴിഞ്ഞ വര്‍ഷത്തേതുപോലെ ചെന്നൈയിലെ വീട്ടിലായിരുന്നു ഈ പിറന്നാള്‍ ദിനത്തിലും മോഹന്‍ലാല്‍ ഉണ്ടായിരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് സമീര്‍ ഹംസ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
പാചകം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍. ഇതേ കാര്യം അദ്ദേഹത്തെ പരിചയമുള്ള എല്ലാവരും പറയാറും ഉണ്ട്. മോഹന്‍ലാലിന്റെ പാചകമികവിനെ പറ്റി പല താരങ്ങളും പറഞ്ഞിട്ടുമുണ്ട്.വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സിനിമകളില്‍ അഭിനയിച്ച് മുന്നേറുന്ന പോലെ വെറൈറ്റി ഡിഷുകള്‍ പരീക്ഷണം നടത്താന്‍ താല്പര്യപ്പെടുന്ന ഒരാളാണ് മോഹന്‍ലാല്‍.
എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് ലാലേട്ടന്റെ പിറന്നാള്‍ കേക്കാണ്. നിറയെ ഫ്രൂട്ട്സുകള്‍ കൊണ്ട് അലങ്കരിച്ച ഈ കേക്ക് കണ്ടാല്‍ തന്നെ നാവില്‍ വെള്ളമൂറും. കേക്കിന്റെ പ്രത്യേകതകള്‍ ചോദിച്ചു കൊണ്ട് നിരവധി ആരാധകരാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ക്കടിയില്‍ കമന്റ് ചെയ്തിരിക്കുന്നത്.