കഴിഞ്ഞ ദിവസമാണ് നടി മഞ്ജിമ മോഹന്‍ വിവാഹിതയായത്. തമിഴിലെ പ്രശസ്ത നടന്‍ കാര്‍ത്തികിന്റെ മകനും യുവതാരവുമായ ഗൗതം കാര്‍ത്തികിനെയാണ് ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ മഞ്ജിമ വിവാഹം കഴിച്ചത്. വളരെ ആഡംബരത്തോടെ ആഘോഷമാക്കേണ്ട വിവാഹം ലളിതമായി നടത്തിയതിന്റെ പേരിലാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. മഞ്ജിമയെ ഹൃദയം തുറന്ന് സ്നേഹിച്ച ഗൗതം നടി ഇക്കാലത്തിനിടയ്ക്ക് അനുഭവിച്ച വേദനകളിലെല്ലാം കൂടെ നില്‍ക്കുകയും കൂടി ചെയ്ത വ്യക്തിയാണ്. ഇതു തന്നെയാണ് ഇവരുടെ പ്രണയത്തിന് അടിത്തറ പാകിയത്.
2019ലാണ് ദേവരാട്ടം എന്ന ചിത്രത്തിലൂടെ ഗൗതമും മഞ്ജിമയും അടുത്തു പരിചയപ്പെടുന്നത്. തുടര്‍ന്ന് മഞ്ജിമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ഗൗതം. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് യെസ് എന്ന മറുപടി മഞ്ജിമ നല്‍കിയത്. തുടര്‍ന്ന് മൂന്നു വര്‍ഷക്കാലത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹകാര്യം സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുന്നത്. എന്നാല്‍, പ്രണയിച്ചു നടന്ന മൂന്നു വര്‍ഷക്കാലത്തെ മധുരകരമായ ഓര്‍മ്മകള്‍ക്കപ്പുറം മഞ്ജിമയുടെ കൈ പിടിച്ച് തിരികെ ജീവിതത്തിലേക്ക് നടത്തിക്കുകയായിരുന്നു ഇക്കാലത്ത് ഗൗതം ചെയ്തിരുന്നത്. അതിനു കാരണമായത് മഞ്ജിമയ്ക്ക് സംഭവിച്ച ഒരപകമായിരുന്നു.
ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു 2019 സെപ്തബറില്‍ അപ്രതീക്ഷിതമായി ആ അപകടം സംഭവിച്ചത്. ചെന്നൈയിലെ വീടിന്റെ ഗേറ്റ് അടച്ചിട്ട് തിരിഞ്ഞു നടക്കുമ്പോള്‍ അതേ ശക്തിയില്‍ ഗേറ്റ് തിരിച്ചുവന്ന് കാലില്‍ ഇടിച്ചു. ഉപ്പൂറ്റിയുടെ തൊട്ടുമുകളിലാണ് ഇടി കിട്ടിയത്. മുറിഞ്ഞു രക്തം വന്നു, സഹിക്കാനാകാത്ത വേദനയും. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ അവിടെ നിന്നും മുറിവു വച്ചുകെട്ടി വിട്ടു. കഴിക്കാന്‍ കുറച്ചു മരുന്നുകളും തന്നു.
അതിനു ശേഷമായിരുന്നു തമിഴ് ചിത്രമായ 'എഫ്ഐആറി'ന്റെ പൂജ. മുറിഞ്ഞ കാലുമായാണ് മഞ്ജിമ പോയത്. ഒന്നര മാസത്തോളം വേദന സഹിച്ച് നടന്നു. ഒരു ദിവസം സഹിക്കാന്‍ പറ്റാതെ അപ്പോളോ ആശുപത്രിയില്‍ പോയി. സ്‌കാന്‍ ചെയ്തപ്പോഴാണ് പൊട്ടലുണ്ടെന്ന് കണ്ടത്. കാല്‍പാദം മുറിച്ചു കളയേണ്ട അവസ്ഥ. ആകെ തകര്‍ന്നു പോയിരുന്നു മഞ്ജിമ അപ്പോഴേക്കും. എന്നാല്‍ ആ സമയത്താണ് അതുവരെ ഒരു സുഹൃത്ത് മാത്രമായിരുന്ന ഗൗതം എത്രത്തോളം പ്രിയപ്പെട്ടവനാണെന്നു മഞ്ജിമയ്ക്ക് മനസ്സിലായത്.
പാദം മുറിച്ചു കളയേണ്ടി വരുമെന്നു കേട്ടപ്പോള്‍ മാനസികമായി തളര്‍ന്ന മഞ്ജിമയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു. അന്നു കൂടെ നിന്നത് ഗൗതമാണ്. ഓരോ ദിവസവും ഇവര്‍ക്കിടയിലെ അടുപ്പം കൂടിക്കൂടി വന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ ഗൗതമിനെ വലിയ ഇഷ്ടമായി. എന്നാല്‍ അതിനിടയിലാണ് കാല്‍പാദം മുറിക്കേണ്ടാ, സര്‍ജറി ചെയ്തു മാറ്റാമെന്ന് ഡോക്ടര്‍ അറിയിച്ചത്. സര്‍വ്വ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞ ദിവസങ്ങളായിരുന്നുവത്. രണ്ടര മണിക്കൂറെടുത്താണ് സര്‍ജറി പൂര്‍ത്തിയായത്. പിന്നീട് മൂന്നുമാസം ബെഡ്റെസ്റ്റ് ആയിരുന്നു. അതിനു ശേഷമാണ് വാക്കറില്‍ നടന്നു തുടങ്ങിയത്.
സര്‍ജറിക്കു ശേഷം വീണ്ടം പല പ്രശ്നങ്ങളായി, ഡിസ്‌കിനു തകരാറു വന്നു, തൈറോയ്ഡ് പ്രശ്നക്കാരനായി. പിസിഒഡി അഥവാ ആര്‍ത്തവ പ്രശ്നങ്ങളെല്ലാം കണ്ടുപിടിച്ചു. ശരീര ഭാരം വര്‍ധിച്ചു. ഇങ്ങനെ അസുഖങ്ങള്‍ തുടര്‍ച്ചയായതോടെ മാനസികമായും തളര്‍ന്നു. എന്നും ഡാന്‍സ് ചെയ്തിരുന്ന മഞ്ജിമയ്ക്ക് അപകടത്തിനു ശേഷം ഒരു ചുവടുപോലും വയ്ക്കാനായില്ല. എന്നാലിപ്പോള്‍ ഡാന്‍സും യോഗയും എല്ലാം വീണ്ടും തുടങ്ങി. കരിയറിലേക്കും ജീവിതത്തിലേക്കും പ്രിയപ്പെട്ടവനൊപ്പം പുതിയ സ്വപ്നങ്ങള്‍ നെയ്യുന്നതിന്റെ തിരക്കിലാണ് മഞ്ജിമ ഇപ്പോള്‍.
മലയാളത്തില്‍ ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മഞ്ജിമ പ്രിയം എന്ന സിനിമയിലുള്‍പ്പെടെ ചെയ്ത വേഷങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍മ്മിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ ആണ് മഞ്ജിമ നായിക നടിയായി മലയാള സിനിമയില്‍ എത്തുന്നത്. ഇതിന് ശേഷം മലയാളത്തില്‍ കാര്യമായി മഞ്ജിമയെ കണ്ടിട്ടില്ല. അതേസമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ മഞ്ജിമ തിരക്കുള്ള നായിക നടി ആയി. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ.