സ്ത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് ചാള മേരി എന്ന ആദ്യ കഥാപാത്രത്തിന്റെ പേരില്‍ ഇന്നും അറിയപ്പെടുന്ന സിനിമാ സീരിയല്‍ നടിയാണ് മോളി കണ്ണമാലി. ഒരു കാലത്ത് ചാള മേരിയെന്ന പേരു കേട്ടാല്‍ ആരാധകരുടെ ഒരു തരംഗം തന്നെയായിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ ജീവിത പശ്ചാത്തലും ദുരിതം നിറഞ്ഞ ജീവിതവും എല്ലാം പല തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് നടിയുടെ ആരോഗ്യ സ്ഥിതി വഷളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണെന്ന വാര്‍ത്ത പുറത്തു വന്നത്.
സാമൂഹ്യ പ്രവര്‍ത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സന അടക്കം നിരവധി പേര്‍ നടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതോടെയാണ് വാര്‍ത്താ മാധ്യമങ്ങളിലും ഇക്കാര്യം എത്തിയത്. ഇപ്പോഴിതാ, മോളിയുടെ നിലവിലത്തെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങളും ദിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.
മോളി കണ്ണമാലി ചേച്ചിയെ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നു... എന്നെ കണ്ടപ്പോള്‍ പതുക്കെ എണീറ്റ് ഇരുന്ന് സംസാരിച്ചു... ഇപ്പൊ ചേച്ചി ചെറുതായി സുഖം പ്രാപിച്ചു വരുന്നുണ്ട്.. ചേച്ചിയെ കഇഡ വില്‍ നിന്നും മാറ്റി റൂമില്‍ കൊണ്ട് വന്നിട്ടുണ്ട്... ഇപ്പോഴും മാസ്‌കിന്റെ സഹായത്തില്‍ മാത്രേ സംസാരിക്കാന്‍ സാധിക്കുള്ളൂ... ഗൗതം ഹോസ്പിറ്റലില്‍ നിന്നും മാറ്റി ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടു വന്നു... ചേച്ചിയുടെ കൂടെ ചേച്ചിയുടെ 2 മക്കളും അവരുടെ ഭാര്യമാരും ഉണ്ട്... എല്ലാവരുടെയും സഹായം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടുമാണ് ചേച്ചിയെ ഇത് വരെയെങ്കിലും നമുക്ക് എത്തിക്കാന്‍ സാധിച്ചത്... ഇനിയും ആ കുടുംബത്തിന് നിങ്ങളുടെയൊക്കെ സപ്പോര്‍ട് ഉണ്ടാകണം മോളി ചേച്ചിയുടെ മകന്‍ ജോളിയാണ് ചേച്ചിയെ റൂമില്‍ മാറ്റിയ വിവരം അറിയിച്ചത്.
ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസ്സവും ദേഹാസ്വസ്ഥതയും നേരിട്ട നടി വീട്ടില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തി, ചികിത്സയ്ക്ക് ഇടയില്‍ ന്യൂമോണിയ കടുത്തതോടെ ഗുരുതരാവസ്ഥയിലാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് എറണാകുളം ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു മോളി കണ്ണമാലി. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
അപ്പോഴത്തെ ചികിത്സയ്ക്ക് വേണ്ടിയും പലരും സഹായിച്ചിട്ടുണ്ട്. ചികിത്സ ചെലവിന് വന്‍ കടബാധ്യതകള്‍ ഉണ്ടായി എന്നും ഫ്ളവേഴ്സ് ഒരു കോടി ഷോയില്‍ പങ്കെടുത്ത് കിട്ടിയ കാശ് കൊണ്ട് വലിയ രീതിയിലുള്ള കടം വീട്ടാന്‍ സാധിച്ചു എന്നും മോളി കണ്ണമാലി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. നടന്‍ മമ്മുട്ടി ഉള്‍പ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നു ചികിത്സ പൂര്‍ത്തിയാക്കിയത്. നിലവില്‍ ആശുപത്രിയിലുള്ള ഇവരുടെ സാമ്പത്തിക സ്ഥിതിയും അത്ര മികച്ച നിലയിലല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കള്‍ പറയുന്നു. അതിനിടെ ബിഗ് ബോസ് താരവും സമൂഹിക പ്രവര്‍ത്തകയുമായ ദിയ സന മോളിക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്.
സത്യന്‍ അന്തിക്കാട് ചിത്രമായ 'പുതിയ തീരങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'അന്നയും റസൂലും', 'അമര്‍ അക്ബര്‍ അന്തോണി', 'ദ ഗ്രേറ്റ് ഫാദര്‍', 'കേരള കഫെ', 'ചാപ്പ കുരിശ്', 'ചാര്‍ലി' തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന 'ടുമോറോ' എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.