പ്രഭാസ് നായകനാകുന്ന 'പ്രോജക്ട് കെ' എന്ന താത്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തുകൊണ്ടുള്ള ?ഗ്ലിംസ് വീഡിയോ പുറത്തുവിട്ടു. 'കല്‍ക്കി 2898' എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.
ഭാവിയില്‍ നടക്കുന്ന കഥയാണെന്ന സൂചനകളാണ് വീഡിയോയിലുള്ളത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാണി എന്നിവരും ചിത്രത്തിലുണ്ട്.
സൂപ്പര്‍ ഹീറോയായാണ് പ്രഭാസിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ വിഭാ?ഗത്തില്‍പ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും.
മണിക്കൂറുകള്‍ക്കകം 16 ലക്ഷത്തിലധികം പേരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്.ചിത്രത്തിന്റെ മേക്കിംഗ് ഹോളിവുഡ് ലെവലിലാണ് എന്ന് ആരാധകര്‍ അമ്പരപ്പോടെ കുറിച്ചു. അന്ധകാരം ലോകത്തെ കീഴടക്കുമ്പോള്‍ ഒരു ശക്തി ഉദിക്കും' എന്നപേരിലാണ് ഭാവിയില്‍ നടക്കുന്ന തരത്തിലെ കഥയായി ചിത്രത്തിന്റെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായൊരുങ്ങുന്ന പ്രഭാസിന്റെ 'പ്രൊജക്ട് കെ' കോമിക്- കോണിലെത്തുമ്പോള്‍ സിനിമയില്‍ സ്ത്രീ സാന്നിധ്യമായ ദീപിക പദുകോണ്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയില്ലെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയായ എസ്എജി -എഎഫ്ടിആര്‍എയില്‍ ദീപിക പദുക്കോണും അംഗമാണ്. ഹോളിവുഡില്‍ സംഘടന ഏതാനും ദിവസങ്ങളായി സമരത്തിലാണ്. സംഘടനയുടെ നിര്‍ദേശമനുസരിച്ച് അംഗങ്ങള്‍ ആരും യുഎസില്‍ നടക്കുന്ന ഒരു ചലച്ചിത്ര പരിപാടിയിലും പങ്കെടുക്കുന്നില്ല. അതിനാലാണ് ദീപികയും കോമിക്-കോണില്‍ നടക്കുന്ന പ്രൊജക്ട് കെ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
താത്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്ട് കെയുടെ യഥാര്‍ത്ഥ പേര് അണിയറക്കാര്‍ കോമിക്-കോണ്‍ വേദിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും.ഡിസിയും മാര്‍വലുമടക്കം ലോകത്തിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ് സാന്‍ ഡീയാഗോ കോമിക്-കോണ്‍. ഇവിടേക്കാണ് ഇന്ത്യയില്‍ നിന്ന് ആദ്യമായി പ്രൊജക്ട് കെ എത്തുന്നത്.
മലായളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയുടെ കോമിക് വേര്‍ഷനും ഇതേ വേദിയില്‍ പ്രദര്‍ശിപ്പിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. വൈജയന്തി മൂവീസാണ് പ്രൊജക്ട് കെ അവതരിപ്പിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍, ട്രെയിലര്‍, റിലീസ് തീയതി തുടങ്ങിയവയും അനാച്ഛാദനം ചെയ്യപ്പെടും. ചടങ്ങില്‍ പ്രധാന അഭിനേതാക്കളോടൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനും പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്.