ഇന്ത്യ പോലൊരു രാജ്യത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വളരെ പതുക്കെയാണെന്നും നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നുമുളള പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബോളിവുഡ് നടി കജോള്‍. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക ആയിരുന്നില്ല ലക്ഷ്യമെന്നും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം
വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുകയായിരുന്നു ഞാന്‍. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശ്യം, രാജ്യത്തെ ശരിയായ പാതയില്‍ നയിക്കുന്ന ചില മികച്ച നേതാക്കള്‍ നമുക്കുണ്ട്,'' വിവാദങ്ങള്‍ക്ക് മറുപടിയായി കജോള്‍ ട്വീറ്റ് ചെയ്തു.
'ദ ട്രയല്‍' എന്ന തന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തില്‍ ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ നടത്തിയ തുറന്നു പറച്ചിലാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വിവാദമാവുകയും ചെയ്തത്. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ വയ്യ, ഇതാണ് വസ്തുത. ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും,'' കജോള്‍ അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം പരോക്ഷമായി വിമര്‍ശിച്ചതാണെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ഇതോടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു നടി.
കാജോളിന്റെ 'ദ ട്രയല്‍' ജൂലൈ 14 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുകയാണ്. 12 വര്‍ഷത്തിന് ശേഷം കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലും കജോള്‍ നായികയായി എത്തുന്നു. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍. സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സമീര്‍ അറോറയുടെ തിരക്കഥയില്‍ നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് കജോളിന്റെ അവസാന ചിത്രം. ലസ്റ്റ് സ്റ്റോറീസ് 2 വിലും കജോള്‍ അഭിനയിച്ചിട്ടുണ്ട്.