നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'പണി' യിൽ നിന്ന് ക്യാമറാമാനും, സംവിധായകനുമായ വേണുവിനെ പുറത്താക്കിയെന്ന് വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി വേണു പൊലീസിൽ പരാതിയും നൽകി.
ഒരു മാസമായി തൃശൂരിൽ വച്ച് ചിത്രീകരണം നടക്കുന്ന സിനിമയുടെ തുടക്കം മുതൽ ജോജുവും വേണുവും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയിലായിരുന്നുവെന്നാണ വാർത്ത വന്നത്. സെറ്റിലുള്ളവരോട് മുഴുവൻ വേണു അപമര്യാദമായി പെരുമാറുന്നുവെന്ന പരാതി ഉയർന്നതായും ആരോപണമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ വേണുവിനെ ഇനി തുടരാൻ അനുവദിക്കില്ലെന്ന് നിർമ്മാതാവ് കൂടിയായ ജോജു തീരുമാനിച്ചെന്നും പകരം 'ഇരട്ട'യുടെ ക്യാമറാമാനായ വിജയ്യെ വിളിച്ചുവരുത്തി എന്നുമാണ് വാർത്ത വന്നത്. എന്നാൽ, ക്യാമറാമാൻ വേണുവിനെ തന്റെ സിനിമയിൽ നിന്നും പുറത്താക്കി എന്ന വാർത്ത ശരിയല്ലെന്ന് ജോജു ജോർജ്ജ് പ്രതികരിച്ചു.
ക്യാമറാമാൻ വേണുവുമായി യാതൊരു പ്രശ്നവും ഇല്ല. അദ്ദേഹത്തെ തന്നെ സിനിമയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറിയതാണെന്നും ജോജു പറഞ്ഞു താൻ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ വ്യക്തിത്വങ്ങളിൽ ഒരാളാണ് വേണു സാർ അദ്ദേഹത്തെ താൻ ഒരിക്കലും പുറത്താക്കില്ല എന്ന് ജോജു പറയുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ യാതൊരു വാസ്തവവും ഇല്ലെന്നും ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ജോജു ജോർജ്ജ് പറഞ്ഞു.
'വേണു സാറിനെ ഇവിടെ നിന്ന് ഒരാളും പുറത്താക്കിയിട്ടില്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. സാറിനോട് എനിക്കുള്ള ബഹുമാനം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതിൽ യാതൊരു തർക്കവുമില്ല. എനിക്കിഷ്ടമുള്ള ഒരു കാര്യമാണ് സിനിമ ചെയ്യുന്നത്. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഇഷ്ടമുള്ള പടങ്ങളിൽ അഭിനയിച്ചു ജീവിച്ച് പോവുകയാണ്. ഈ സിനിമയുടെ ഒരു പ്ലാൻ വന്നപ്പോൾ വേണു സാർ തന്നെയാണ് എന്നോട് ഇത് സംവിധാനം ചെയ്യാൻ പറഞ്ഞത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ യാതൊരു വാസ്തവവും ഇല്ല. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ ചെയ്യുന്നത്. സിനിമയോടുള്ള പാഷൻ കൊണ്ടാണ് സിനിമകൾ ചെയ്യുന്നത്. എന്റെ സിനിമയുമായി ബന്ധപ്പെട്ട പലവിധ ആരോപണങ്ങളും ഊഹാപോഹങ്ങളും പലയിടത്തുന്നതായി പ്രചരിക്കുന്നതായി കാണുന്നു. ദയവായി പ്രേക്ഷകർ തെറ്റായ വാർത്തകൾ വിശ്വസിക്കരുത്. ' ജോജു ജോർജ്ജ് പറഞ്ഞു.
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് 'പണി'. തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് 'പണി'. തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബർ 25നാണ് പണിയുടെ ഷൂട്ടിങ് ആരംഭിച്ചത്. 'പണി'യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വേണുവിന് ഭീഷണി
അതിനിടെ, ക്യാമറാമാനും സംവിധായകനുമായ വേണുവിന് നേരെ ആക്രമണ ഭീഷണിയുണ്ടായി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ വേണു പൊലീസിൽ പരാതി നൽകി.
സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ഇപ്പോൾ. ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഉടൻ തൃശൂർ വീട്ടുപോകണമെന്നും ഇല്ലെങ്കിൽ വിവരം അറിയും എന്നുമായിരുന്നു ഭീഷണി.
പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഭീഷണിപ്പെടുത്തിയ സമയത്ത് ഹോട്ടലിലേക്ക് വന്ന ഫോൺ കോളുകളുടെ നമ്പറുകൾ പൊലീസിനു നൽകി.