പേര് വിവാദത്തില്‍പെട്ട ധ്യാന്‍ ശ്രീനിവാസന്റെ 'ജയിലര്‍' ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. ധ്യാനിനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിന്റെ പേരും ജയിലര്‍ എന്നാണ്.
ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്റെ അണിയറക്കാര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ മലയാള ചിത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു സണ്‍ പിക്ചേഴ്സ് നല്കിയ മറുപടി എന്ന് സക്കീര്‍ മഠത്തില്‍ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.
രജനി ചിത്രം ജയിലറിനൊപ്പം ഓഗസ്റ്റില്‍ തന്നെയാണ് ധ്യാനിന്റെ ജയിലറും റിലീസിനെത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന് എത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്റെ ഓട്ടവുമാണ് ചിത്രം പറയുന്നത്.
ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മനോജ് കെ ജയന്, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.