മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് വികെ പ്രകാശ്. അച്ഛനെ പോലെ തന്നെ മകളും സിനിമയിലേക്ക് ചേക്കേറിയിരിക്കുകയാണ്. സംവിധായികയുടെ കുപ്പായമണിഞ്ഞാണ് മകൾ കാവ്യ പ്രകാശും സിനിമയെ അഭിമുഖീകരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ആദ്യ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. യാദൃശ്ചികമായാണ് വാങ്ക് തന്റെ ആദ്യ സംവിധാന സംരംഭമായതെന്നാണ് കാവ്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
ചെറുപ്പം മുതലെ സിനിമ തന്നെയായിരുന്നു പാഷനെന്നാണ് കാവ്യ പറയുന്നത്. മണിപ്പാലില്‍ നിന്ന് ബി.എസ്.സി വിഷ്വല്‍ കമ്യുണിക്കേഷന്‍ ആണ് പഠിച്ചത്. സിനിമയിലേക്ക് വരുന്നുവെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഉപദേശങ്ങള്‍ ഒന്നും തന്നിരുന്നില്ല. പക്ഷേ ഒരു മുന്നറിയിപ്പ് തന്നിരുന്നു. ബുദ്ധിമുട്ടുള്ള മേഖലയാണ്, നൂറ്റൊന്ന് ശതമാനവും പ്രതിബദ്ധതതയും പാഷനും വേണം, ഒരു സ്ത്രീ ആയതിനാലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരും. വിശ്രമം ഉണ്ടാകില്ല എന്നെല്ലാം പറഞ്ഞു തന്നിരുന്നു. പക്ഷെ ചെറുപ്പം മുതലേ ഇത് തന്നെ ആണ് എന്റെ ആഗ്രഹം എന്നറിയാവുന്നത് കൊണ്ട് തന്നെ അച്ഛന് അത് ഒരു അത്ഭുതമായിരുന്നില്ല.
അച്ഛനെ ഈ ചിത്രത്തിൽ അഭിനയിപ്പിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. വിജയൻ സാർ ചെയ് കഥാപാത്രത്തിനായി അച്ഛനെ വിളിച്ചതുമായിരുന്നു. പക്ഷെ ഡേറ്റ് പ്രശ്നം കാരണം അച്ഛന് അത് ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ അടുത്ത ചെയ്യുന്ന പടത്തിൽ അച്ഛന് വേഷം ഉണ്ടാകുമോ എന്നൊന്നും ഇപ്പോൾ പറയാനാവില്ല.സിനിമയിൽ ഒരാളെ കാസ്റ്റ്ചെയ്യുന്നത് തിരക്കഥ നോക്കിയിട്ടാണല്ലോ. ഭാവിയിൽ അച്ഛന് പറ്റിയ വേഷം നൽകാൻ എനിക്ക് സാധിച്ചാൽ അതെനിക്ക് ഏറെ അഭിമാനമുള്ള കാര്യമാണെന്നും കാവ്യ പറയുന്നു.
യാദ്യശ്ചികമായാണ് താൻ വാങ്കിന്റെ കഥ കേൾക്കുന്നത്. ഉണ്ണി സാര്‍ ഒരിക്കല്‍ ഒരു പ്രോജക്ടിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്ക് അച്ഛനെ കാണാന്‍ ബെംഗളൂരുവില്‍ വന്നിരുന്നു. അന്നാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നതും സംസാരിക്കുന്നതും. അന്ന് സാർ ഓരോ കഥകൾ പറയുന്നുണ്ടായിരുന്നു. അതില്‍ ഒന്ന് ഈ വാങ്കിന്റെ കഥയാണ്. അത് കേട്ടുകൊണ്ടിരുന്ന എന്റെ മുഖഭാവവും മറ്റും കണ്ടിട്ടാകാം ഉണ്ണി സാറിന് മനസിലായി എനിക്ക് ഈ കഥയില്‍ താത്പര്യം ഉണ്ടെന്ന്. അങ്ങനെയാണ് ഉണ്ണി സാര്‍ എന്നോട് ചോദിക്കുന്നത് കാവ്യയ്ക്ക് ഈ കഥ ഒരു സിനിമയാക്കിക്കൂടാ എന്ന്. അതെനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമായിരുന്നു.
വാങ്ക് നോവൽ സിനിമയാക്കുന്നതിൽ തനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആശങ്കയുണ്ടായിരുന്നു. ഉണ്ണി സാറിന്റെ ഈ കഥ രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധ നേടിയ ഒന്നാണ്. ആ നോവലിനോട്, ഉണ്ണി സാറിനോട്, ഉണ്ണി സാറിന്റെ കാഴ്ച്ചപ്പാടിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാവണം എന്റെ ചിത്രവും എന്നുണ്ടായിരുന്നു എന്നും താരപുത്രി പറയുന്നു.