മലയാളത്തില്‍ സൂപ്പര്‍താരമായ മമ്മൂട്ടിയുടെ കരിയറിൽ നിര്‍ണായക പങ്ക് വഹിച്ച ചിത്രമാമായിരുന്നു ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ന്യൂഡെല്‍ഹി. വൻ വിജയമായി തീർന്ന ചിത്രം നാല് ഭാഷയിലേക്ക് റീമെയ്ക്ക് ചെയ്യുകയും തമിഴ്‍നാട്ടിലും 100 ദിവസം ഓടി ചരിത്രം സൃഷ്‍ടിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്തു 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ തുടര്‍ പരാജയങ്ങള്‍ കാരണം മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടിയായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ന്യൂഡെല്‍ഹിയെക്കുറിച്ച് തിരക്കഥാകൃത്ത് മനസ്സ് തുറക്കുന്നു.
'ന്യൂഡെല്‍ഹി എന്ന സിനിമയെക്കുറിച്ച് ഏത് കാലത്ത് ചര്‍ച്ച വരുമ്പോഴും ആദ്യം പരാമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് കരിയറില്‍ വമ്ബന്‍ തിരിച്ചുവരവ് നല്‍കിയ സിനിമയെന്നതാണ്. അങ്ങനെ പറയുമ്ബോള്‍ തന്നെ ഞാന്‍ പറയുന്നത് എന്റെ സ്ഥാനം സിനിമയില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞത് ന്യൂ ഡെല്‍ഹി എന്ന സിനിമകൊണ്ടാണെന്നാണ് . ഒരു പക്ഷേ ന്യൂഡെല്‍ഹി ഇല്ലെങ്കിലും മമ്മൂട്ടിയും ജോഷിയുമൊക്കെ വലിയ വിജയങ്ങള്‍ സിനിമയില്‍ തീര്‍ക്കുമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളുടെ നടുവില്‍ എനിക്ക് വലിയ വിജയം നല്‍കുന്നത് ന്യൂഡെല്‍ഹിയാണ്. അതിന് ശേഷം വിജയ-പരാജയങ്ങള്‍ എന്നെ ബാധിക്കാറായി. ന്യൂഡെല്‍ഹി ഇല്ലായിരുന്നെങ്കിലും മമ്മൂട്ടി നിലനില്‍ക്കുമായിരുന്നു. പക്ഷെ എന്റെ കാര്യത്തില്‍ നിര്‍ണായകമായത് ന്യൂ ഡെല്‍ഹി തന്നെയാണ്. മലയാള സിനിമയില്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ ന്യൂഡെല്‍ഹി എന്ന ചിത്രത്തിലൂടെ എനിക്ക് കഴിഞ്ഞു.' ഡെന്നിസ് ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍ തുടങ്ങി വമ്ബന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരന്നത്.