കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നൽകി. കേസെടുക്കാനുള്ള നിര്‍ദേശം നൽകിയിരിക്കുന്നത് കര്‍ണാടകയിലെ തുംകുര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ്. നടപടി ഉണ്ടായിരിക്കുന്നത് അഭിഭാഷകനായ രമേഷ് നായിക്കിന്റെ ഹര്‍ജിയിലാണ്.
കാര്‍ഷിക ബില്ലിനെതിരെ രാജ്യമെങ്ങും കര്‍ഷക പ്രതിഷേധം ഉയർന്ന വന്ന പശ്ചാത്തലത്തിൽ കങ്കണ പോസ്റ്റു ചെയ്ത ഒരു ട്വീറ്റാണ് പരാതിക്കിടയാക്കിയത്. 'ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിന് എതിരെയും രംഗത്തു വന്നിരിക്കുന്നത്. രാജ്യത്ത് ഇവര്‍ ഭീകരത സൃഷ്ടിക്കുകയാണ്. ഇവര്‍ തീവ്രവാദികളാണ്' എന്നായിരുന്നു കങ്കണയുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ട്വീറ്റ്.
കങ്കണയുടെ ട്വീറ്റിന് പിന്നിൽ പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ലക്ഷ്യമാണ് എന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. അഭിഭാഷകന്‍ താരത്തിനെതിരെ ക്രിമിനല്‍ കേസ് ആണ് ഫയല്‍ ചെയ്തിരിക്കുന്നത്.