പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയുടെയും ട്രെയിലര്‍ ട്രെന്റിങ് ലിസ്റ്റില്‍. സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴും ട്രെന്റിങില്‍ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്.
പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചുള്ള സീനുകളാണ് ടീസറില്‍ ശ്രദ്ധാകേന്ദ്രം. ഒരു മിനിറ്റും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്തും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്
റണ്‍ ബേബി റണ്‍, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയത് സച്ചിയാണ്. അനാര്‍ക്കലിയിലൂടെയാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. അയ്യപ്പനും കോശിയുംസച്ചിയുടെ രണ്ടാമത്തെ സംവിധാന സംരഭമാണ്.
അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് അയ്യപ്പന്‍. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരന്‍ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്നങ്ങളാണ് സച്ചി സിനിമയില്‍ അവതരിപ്പിക്കുന്നത്.