ഐശ്വര്യയുടെ ചുവടുകള്‍ പിന്തുടര്‍ന്ന് ബോളിവുഡ് താരം ആലിയ ഭട്ടും പാരിസ് ഫാഷന്‍ വീക്കില്‍ മിന്നുന്ന പ്രകടനം നടത്തി അരങ്ങേറ്റം കുറിച്ചു. ആത്മവിശ്വാസത്തോടെ റാംപില്‍ നടക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ച്ച നടന്ന ലോറിയല്‍ ഷോയില്‍ ജെയ്ന്‍ ഫോണ്ട, ഇവാ ലോംഗോറിയ, ഐശ്വര്യ റായ് ബച്ചന്‍, കെന്‍ഡല്‍ ജെന്നര്‍, കാര ഡെലിവിഗ്‌നെ തുടങ്ങിയവരും പങ്കെടുത്തു.
സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത ഡിസൈന്‍ ചെയ്ത കറുപ്പ് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ജംപ് സ്യൂട്ടും മെറ്റാലിക് സില്‍വര്‍ ബസ്റ്റിയറും ധരിച്ചായിരുന്നു ആലിയയുടെ റാംപ് വാക്ക്. അതിനോടൊപ്പം ചേരുന്ന സില്‍വര്‍ മെറ്റാലിക് ഇയര്‍ റിങ്ങുകളും വെറ്റ് ഹെയറും പിങ്ക് ലിപ്സ്റ്റിക്കും താരത്തിന്റെ സൗന്ദര്യം കൂട്ടി.
ലോറിയല്‍ പാരീസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി അടുത്തിടെയാണ് ആലിയ നിയമിതയായത്. ഈ വര്‍ഷം പാരീസ് ഫാഷന്‍ വീക്കില്‍ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് ആലിയ മുന്‍പു തന്നെ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.
യുഎസ് നടിയും മോഡലും സംവിധായികയുമായ ആന്‍ഡി മക്ഡവലിനൊപ്പമായിരുന്നു ആലിയ റാംപ് പങ്കിട്ടിരുന്നത്. ഇരുവരും കൈകോര്‍ത്ത് നടന്നത് ഷോയിലെ അവിസ്മരണീയമായ നിമിഷമായിരുന്നു. പാരീസ് ഫാഷന്‍ വീക്ക് വുമണ്‍ റെഡി-ടു-വെയര്‍ സ്പ്രിംഗ്-സമ്മര്‍ 2025 ശേഖരത്തിന്റെ ഭാഗമായിരുന്നു ലോറിയല്‍ പാരീസ് ഷോ, ''വാക്ക് യുവര്‍ വര്‍ത്ത്'' എന്നു പേരിട്ട ഷോ ഐക്കണിക് പാലൈസ് ഗാര്‍ണിയര്‍ ഓപ്പറ ഹൗസില്‍ വെച്ചാണ് നടന്നത്.
വര്‍ഷങ്ങളായി പാരീസ് ഫാഷന്‍ വീക്കിലെയും ഗോള്‍ഡന്‍ സ്റ്റാറുകളില്‍ ഒരാളാണ് ഐശ്വര്യ. ഐശ്വര്യ റായ് റാംപിലെത്താതെ പാരീസ് ഫാഷന്‍ വീക്ക് പൂര്‍ത്തിയാകില്ലെന്നതു വര്‍ഷങ്ങളായി തുടരുന്ന പതിവാണ്. ആ പതിവു തെറ്റിക്കാതെ, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഐശ്വര്യ ഇത്തവണയും പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തി.
ചുവന്ന മോസ്സി വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ എത്തിയത്. ഐശ്വര്യയുടെ ലുക്കും സിഗ്‌നേച്ചര്‍ പോസും ആത്മവിശ്വാസവുമെല്ലാം ആഘോഷമാക്കുകയാണ് ഫാഷന്‍ ലോകം.ലോറിയല്‍ പാരീസ് ഷോയുടെ 'വാക്ക് യുവര്‍ വര്‍ത്ത്' എന്ന തീമില്‍ വുമണ്‍ റെഡി-ടു-വെയര്‍ സ്പ്രിംഗ്-സമ്മര്‍ 2025 ശേഖരത്തില്‍ നിന്നുള്ള മനോഹരമായൊരു വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞത്.
പാരീസ് ഫാഷന്‍ വീക്കിലെ ഐശ്വര്യയുടെ ലുക്ക് മറ്റൊരു രീതിയില്‍ കൂടി ആഘോഷിക്കുകയാണ് ആരാധകര്‍. റാപ്പില്‍ ഐശ്വര്യ ചുവടുവച്ചത് തന്റെ വിവാഹമോതിരം അണിഞ്ഞാണ്. അഭിഷേക് ബച്ചനും ഐശ്വര്യയും പിരിയുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ക്കുള്ള മറുപടിയായി മാറിയിരിക്കുകയാണ് ഐശ്വര്യയുടെ ഈ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ്. പതിവുപോലെ, മകള്‍ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യ പാരീസിലെത്തിയത്.